ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന 31കാരിയെ നാലുപേർ കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്‌നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലാണ് സംഭവം. പ്രതികളായ ഡി രാമനാഥൻ (29), അജയ് (22), മദൻ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ നാലാം പ്രതിയായ ശശികുമാറിനെ പിടികൂടാൻ തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
കുട്ടിക്കാലം മുതൽ മാനസിക വെല്ലുവിളി യുവതിയെ മാതാപിതാക്കൾ വീട്ടിലില്ലാത്ത തക്കം നോക്കി പ്രതികൾ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇവരുടെ വീടിന് സമീപം താമസിക്കുകയായിരുന്ന പ്രതികൾക്ക് യുവതിയുടെ മാനസിക വെല്ലുവിളിയെക്കുറിച്ച് അറിയാമായിരുന്നു. കൂലിപ്പണിക്കാരായ മാതാപിക്കൾ ജോലിക്ക് പോകുന്ന സമയം മനസസിലാക്കിയ ശേഷമാണ് ക്രൂരത നടത്തിയതെന്നും പൊലീസ് പറഞ്ഞു.
വീട്ടിൽ കയറി യുവതിയുടെ വായ മൂടിക്കെട്ടി പ്രതികളിലൊരാളുടെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും തുടർന്ന് ടെറസിൽ വെച്ച് ഇവർ യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. യുവതിയുടെ നിലവിളി കേട്ട അയൽവാസികൾ സ്ഥലത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചു.