
60കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറി കാട്ടിലെറിഞ്ഞു
text_fieldsകാൺപുർ: ഉത്തർപ്രദേശിൽ 60കാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറി കുറ്റിക്കാട്ടിൽ എറിഞ്ഞു. യു.പി മഹോബ ജില്ലയിൽ കാബ്രായിലാണ് സംഭവം.
ശനിയാഴ്ച രാത്രി ഉറങ്ങി കിടന്നിരുന്ന 60കാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് സ്വകാര്യഭാഗങ്ങളിൽ മുളകുപൊടി വിതറിയ ശേഷം കൈയും കാലും കൂട്ടിക്കെട്ടി കാട്ടിലെറിഞ്ഞു. പ്രതികളെക്കുറിച്ച് വിവരം നൽകിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി കടന്നുകളയുകയായിരുന്നു ഇവർ.
ഞായറാഴ്ച മധ്യവയസ്കയെ പ്രദേശവാസികൾ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുടുംബം വിദഗ്ധ ചികിത്സക്കായി ജില്ല ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി 60കാരിയുടെ മൊഴി രേഖപ്പെടുത്തി.
അയൽവാസികളായ സേവ ലാൽ, ഭരത് കുശ്വാഹ എന്നവരാണ് പ്രധാന പ്രതികളെന്ന് അവർ മൊഴി നൽകി. 60കാരിയെ ബലമായി വീട്ടിൽനിന്ന് പിടിച്ചിറക്കി കൊണ്ടുപോയി അക്രമത്തിന് ഇരയാക്കിയത് ഇവരായിരുന്നു. മറ്റു രണ്ടുപേരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
60കാരിയെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയതായും പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.