15 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി നാലുപേർ പിടിയിൽ
text_fieldsതിരുവനന്തപുരം: 15 ലക്ഷത്തിലധികം വിലയുള്ള 308 ഗ്രാം എം.ഡി.എം.എയുമായി വനിത ഉള്‍പ്പെടെ നാലുപേരെ തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടി. കൊല്ലം ചടയമംഗലം പോരേടം ഒലൂര്‍ക്കോണം ചരുവിള വീട്ടില്‍ ഷമി (32), കണിയാപുരം ചിറ്റാറ്റുമുക്ക് ജന്മിമുക്ക് ജന്മി മൻസിലില്‍ മുഹമ്മദ് കല്‍ഫാന്‍ (24), ചിറ്റാറ്റുമുക്ക് ചിറക്കല്‍ മണക്കാട്ടുവിളാകം വീട്ടില്‍ ആഷിക്ക് (20), ചിറ്റാറ്റുമുക്ക് മണക്കാട്ടുവിളാകം അല്‍ അമീന് (23) എന്നിവരെയാണ് പൊഴിയൂര്‍ ചെങ്കവിളവെച്ച് ഡാന്‍സാഫ് സംഘവും പൊഴിയൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു.
ഷമിയുടെ ദേഹ പരിശോധനയില്‍ ആദ്യം 175 ഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു. സംശയം തോന്നി വീണ്ടും നടത്തിയ പരിശോധനയിലാണ് 133 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തത്. കുറച്ചുകാലമായി ഇവര്‍ ഡാന്‍സാഫ് സംഘത്തിന്റ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ എം.ഡി.എം.എ കടത്തികൊണ്ടുവന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വ്യാപകമായി മയക്കുമരുന്ന് വ്യാപാരം നടത്തി വരുന്ന സംഘമാണ് അറസ്റ്റിലായത്.
കാര്‍ വാടകയ്ക്ക് എടുത്ത് കുടുംബസമേതം വിനോദയാത്ര പോകുന്ന രീതിയിലാണ് ഇവര്‍ ലഹരി ഉൽപന്നങ്ങള് കേരളത്തിലെത്തിച്ചിരുന്നത്. വാഹനത്തിന്റെ മുന്‍വശത്തിരിക്കുന്ന സ്ത്രീയുടെ ശരീരത്തില്‍ വസ്ത്രങ്ങള്ക്കിടെ ചെറുപൊതികളായി എം.ഡി.എം.എ സൂക്ഷിക്കുകയാണ് പതിവ്. കുടുംബസമേതമുള്ള യാത്രയെന്ന നിലയില്‍ മറ്റ് സംസ്ഥാനങ്ങളിലെ പരിശോധനകളില്‍നിന്ന് ഇവര്‍ രക്ഷപ്പെട്ടിരുന്നു. ബംഗളൂരുവില്‍നിന്ന് ലഹരിവാങ്ങി സംഘം യാത്രതിരിച്ചതായി ജില്ല പൊലിസ് മേധാവി കെ.എസ്. സുദര്ശനന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയിലുടനീളം പൊലീസിന്റെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പൊലീസിനെ കണ്ടതോടെ ഇടറോഡിലേക്ക് വാഹനം ഓടിച്ചുകയറ്റി രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പിന്തുടര്ന്ന് ഡാന്‍സാഫ് ടീം പിടികൂടുകയായിരുന്നു.
നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി കെ. പ്രദീപ്, നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എസ്. ചന്ദ്രദാസ്, പൊഴിയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.പി. സുജിത്ത്, സബ് ഇന്‍സ്പെക്ടര്‍മാരായ എഫ്. ഫയാസ്, രസല്‍ രാജ്, ബി. ദിലീപ്, പ്രേം കുമാര്‍, രാജീവന്, സംഘാങ്ങളായ അനീഷ്, അരുണ്‍, റിയാസ്, പത്മകുമാര്‍, സുനില്‍രാജ്, ദിനോര്‍, സജിത, ആശ എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

