Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightടോൾപ്ലാസയിൽ...

ടോൾപ്ലാസയിൽ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികൾ പിടിയിൽ

text_fields
bookmark_border
ടോൾപ്ലാസയിൽ ജീവനക്കാരനെ കുത്തിയ കേസിലെ നാലു പ്രതികൾ പിടിയിൽ
cancel

ചാലക്കുടി: പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജീവനക്കാരനെ കുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നാലു പേരെ ചാലക്കുടി ഡിവൈഎസ്​.പി സി.ആർ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. അങ്കമാലി മൂക്കന്നുർ കൂട്ടാല ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കരേടത്ത് വീട്ടിൽ മിഥുൻ ജോയി (33), അങ്കമാലി കരയാംപറമ്പ് മങ്ങാട്ടുകര സ്വദേശി ഇഞ്ചയ്ക്കൽ വീട്ടിൽ ഇഗ്ലാസ് സജി (20), ഇവരെ സഹായിച്ച കറുകുറ്റി പന്തയ്ക്കൽ സ്വദേശി കളപറമ്പിൽ വീട്ടിൽ എബിൻ ജോസ് (23), കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി താളയത്ത് വീട്ടിൽ കൃഷ്ണ പ്രസാദ് (21) എന്നിവരാണ് പിടിയിലായത്.

ടോൾ പ്ലാസയിൽ അക്രമണത്തിനു ശേഷം ഒളിവിൽ പോയ ഇവർ ആലുവയിലേക്കെത്താനും തീവണ്ടി മാർഗ്ഗം മുംബൈയിലേക്ക് കടക്കാനും പദ്ധതി തയ്യാറാക്കുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ നിന്നായാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ജൂൺ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മീൻ ശേഖരിക്കാൻ മണ്ണുത്തിയിലേക്ക് പോയ മിഥുനും സംഘവും സഞ്ചരിച്ച കാറിന് ടോൾ നൽകേണ്ടി വന്നതിനെ ചൊല്ലി ജീവനക്കാരുമായി മിഥുൻ വാക്കേറ്റത്തിലേർപെട്ടിരുന്നു. തുടർന്ന് അങ്കമാലിയിലെ വീട്ടിലെത്തിയ ഇയാൾ കത്തിയും മറ്റും കയ്യിൽ കരുതി ബന്ധുവായ ഇഗ്ലാസിനേയും സുഹൃത്തുക്കളേയും കൂട്ടി തിരിച്ചെത്തി അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ജീവനക്കാരൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ജീവനക്കാരനെ കുത്തിയ ശേഷം രക്ഷപെട്ട ഇവർ കാർ മൂക്കന്നൂരിലെ ഒരു ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച ശേഷം മൂന്നാറിലേക്ക് കടക്കുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിടിയിലാകുമെന്നതിനാൽ മൊബൈൽ ഫോണുകൾ വീട്ടിൽ വച്ച ശേഷമാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇവരുടെ വിവരങ്ങൾ ലഭിക്കാൻ പ്രത്യേകാന്വേഷണ സംഘം ബന്ധുക്കളുടെ നീക്കങ്ങൾ ദിവസങ്ങളോളം രഹസ്യമായി നിരീക്ഷിച്ചിരുന്നു.

മുമ്പ്​ ക്രിമിനൽ കേസുകളിൽ പ്രതിയായ നെടുമ്പാശേരി സ്വദേശിയായ ബന്ധുവിനെ പിന്തുടർന്നാണ് കുറുപ്പംപടിയിൽ നിന്നും ഇഗ്ലാസിനെ പിടികൂടിയത്. ഇഗ്‌ലാസിൽ നിന്നും കിട്ടിയ സൂചനകളെ തുടർന്ന് നടത്തിയ നീക്കത്തിനൊടുവിലാണ് മൂന്നാറിൽ നിന്നും ആലുവയിലേയ്ക്കുള്ള യാത്രയിലായിരുന്ന മിഥുനെ പിടികൂടിയത്. ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ എബിനെ ഏഴാറ്റുമുഖത്തു നിന്നും കൃഷ്ണ പ്രസാദിനെ വരന്തരപ്പിള്ളിയിൽ നിന്നും പിടികൂടുകയായിരുന്നു.

മിഥുൻ മുൻപ് പുളിയനത്ത് ക്ഷേത്രോത്സവത്തിനോടനുബന്‌ധിച്ചുണ്ടായ കത്തിക്കുത്ത് കേസിലെ പ്രതിയാണ്. ടോൾ പ്ലാസ ജീവനക്കാരനെ കുത്തുന്ന ദൃശ്യങ്ങൾ കൃഷ്ണ പ്രസാദ് ചിത്രീകരിച്ച ശേഷം യൂ ട്യൂബിൽ അപ് ലോഡ് ചെയ്യാനും ശ്രമിച്ചിരുന്നു. ഇവരെ ഒളിവിൽ പോകാൻ സഹായിച്ചതിനും ഒളിസ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയതിനും ഏതാനും ബന്ധുക്കളേയും പ്രതി ചേർക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

പ്രത്യേകാന്വേഷണ സംഘത്തിൽ പുതുക്കാട് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ ഉണ്ണികൃഷ്ണൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജിനുമോൻ തച്ചേത്ത്, എഎസ്ഐ മാരായ റോയ് പൗലോസ്, പി.എം മൂസ, സീനിയർ സിപിഒമാരായ വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, സൈബർ വിദഗ്ധരായ രജീഷ്, പ്രജിത്ത്, മനു, പുതുക്കാട് സ്റ്റേഷനിലെ എഎസ്ഐ ഉണ്ണികൃഷ്ണൻ, സീനിയർ സിപിഒമാരായ ഷീബ അശോകൻ, ജിജോ പി.എം, വിനോദ് കുമാർ സി.ബി, ജോയി എന്നിവരാണ് ഉണ്ടായിരുന്നത്.

Show Full Article
TAGS:crime 
Next Story