ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ നാല് പേര് അറസ്റ്റില്‍
text_fieldsതൃശൂര്‍: ആഡംബര ബൈക്കുകള്‍ മോഷ്ടിക്കുന്ന അഞ്ചംഗ സംഘത്തിലെ നാലു യുവാക്കളെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മണത്തല ഏറന്പുരയ്ക്കല് സൗരവ് (19), ചാവക്കാട് മണത്തല തിരുവത്ര അയിനുപ്പുള്ളി ദേശം കീഴ്ശേരി ജിഷ്ണു (21), എളവള്ളി താമരപ്പുള്ളി നാലകത്ത് അന്സിഫ് (19), ചാവക്കാട് മണത്തല തറയില്‍ രാഹുല്‍ (19) എന്നിവരാണ് പിടിയിലായത്.
2021 ജനുവരി മാസത്തില്‍ പുഴയ്ക്കല്‍ ലുലു ജങ്ഷനു സമീപമുള്ള പ്രിയദര്‍ശിനി നഗറിലെ ഒരു അപ്പാര്‍ട്ട്മെൻറില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷണം പോയിരുന്നു. ഇത് വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച സിയാദ് എന്നയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് കേസന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. പൊലീസ് പിടികൂടിയ ആള്‍ക്ക് ഓടിച്ചിരുന്ന ബൈക്കിെൻറ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബൈക്കിെൻറ രജിസ്ട്രേഷന് നമ്പര്‍ തിരുത്തിയതാണെന്നും കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് തനിക്ക് ബൈക്ക് കൈമാറിയവരുടെ വിവരങ്ങള്‍ സിയാദ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതേ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആഡംബര ബൈക്കുകള്‍ മോഷണം നടത്തുന്ന അഞ്ചംഗ സംഘത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. ബൈക്ക് പ്രതികള്‍ പുഴക്കല്‍ പ്രിയദര്‍ശിനി നഗറില്‍നിന്ന് മോഷ്ടിച്ച് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ഉപയോഗിക്കുകയായിരുന്നു. അഞ്ചംഗ ബൈക്ക് മോഷണ സംഘത്തിലെ ഒരാളെകൂടി പിടികൂടാനുണ്ട്.
പ്രതികള്‍ സമാനമായ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നു വരുകയാണെന്നും സബ് ഇന്‍സ്പെക്ടര്‍ കെ.ആര്. റെമിന്‍ പറഞ്ഞു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ എ.ഒ. ഷാജി, കെ.എന്‍. വിജയന്, കെ.എ. തോമസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.എന്‍. പ്രിയ, അഭീഷ് ആൻറണി, വി.ആര്. ശ്രീരാഗ് എന്നിവരുണ്ടായിരുന്നു.