കവടിയാറിൽ വീട്ടിൽ കയറി ആക്രമണവും കവർച്ചയും: നാലുപേർ അറസ്‌റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
തിരുവനന്തപുരം: കവടിയാറിൽ വീട്ടിൽ കയറി ആക്രമണവും കവർച്ചയും നടത്തിയ നാലുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂപ്പാറ ശാന്തിപുരം എ.കെ.ജി ഗ്രൗണ്ടിന് സമീപം മുടുമ്പിലാംകോണത്ത വീട്ടിൽ ശ്രീനാഥ് (32), പട്ടം കുന്നുകുഴി വാർഡിൽ പ്ലാമൂട് ടി.സി. 12/155 പണയിൽ വീട്ടിൽ ആഷിക് (32), കവടിയാർ നന്തൻകോട് വാർഡിൽ വൈ.എം.ആർ മുല്ലശ്ശേരി ലെയ്ൻ ടി.സി. 11/1866 വീട്ടിൽ അൻസാർ (34), പട്ടം കുന്നുകുഴി വാർഡിൽ തേക്കുംമൂട് തോട്ടുവരമ്പ് വീട്ടിൽ മുഹമ്മദ് നൗഫൽ (37) എന്നിവരാണ് അറസ്‌റ്റിലായത്.
പട്ടം പ്ലാമൂട് താര സാനിറ്ററി വെയറിന് സമീപമുള്ള സ്വസ്‌തി വീട്ടിൽ വാടകക്ക് താമസിക്കുന്ന സുനിൽ കുമാർ (46) എന്നയാളെ സംഘം ചേർന്ന് ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലാണ് അറസ്റ്റ്. ആറിന് വൈകിട്ട് നാലോടെയായിരുന്നു സംഭവം. വീട്ടിൽ കയറി അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും ആക്രമണം നടത്തിയ പ്രതികൾ, സുനിൽക്കുമാറിന്‍റെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല വലിച്ചു പൊട്ടിക്കുകയും കൈക്കും കാലുകൾക്കും ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്‌തു.
തുടർന്ന് ഫോൺ ലോക്ക് തുറപ്പിച്ച് ജി-പേ ക്യൂആർ കോഡ് ഉപയോഗിച്ച് 16,000 രൂപ അക്കൗണ്ടിൽ നിന്നു നിർബന്ധിതമായി അയപ്പിച്ചെടുത്തു. സംഭവവിവരം പൊലീസിൽ അറിയിച്ചാൽ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അറസ്‌റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

