ഭർത്താവിനെ മുപ്പത് തവണ വെടിവെച്ചുകൊന്ന കേസിൽ ബ്രസീലിയൻ മുൻ കോൺഗ്രസ് അംഗം അറസ്റ്റിൽ
text_fieldsറിയോഡി ജനീറോ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ബ്രസീലിയൻ മുൻ കോൺഗ്രസ് അംഗമായ ഫ്ലോറിഡെലിസ് സാന്തോസ് ഡിസൂസ അറസ്റ്റിൽ. 2019 മുതൽ തന്നെ ഭർത്താവ് കൊല്ലപ്പെട്ട കേസിൽ ഇവർ ആരോപണവിധേയയായിരുന്നു. കോൺഗ്രസ് അംഗം എന്ന നിലക്ക് ലഭ്യമായിരുന്ന പാർലമെന്‍ററി പരിരക്ഷ പിൻവലിക്കപ്പെട്ടതോടെയാണ് ഫ്ലോറിഡെലിസ് അറസ്റ്റിലായത്.
ബ്രസീലിൽ വളരെയധികം അറിയപ്പെടുന്ന വ്യക്തിത്വമാണ് ഫ്ലോറിഡെലിസ്. ഭർത്താവായ പാസ്റ്റർ ആൻഡേഴ്സ്ൺ കൊല്ലപ്പെട്ട കേസിൽ മറ്റ് പത്ത് പേർക്കൊപ്പം ഇവരുടെ പേരിലും കുറ്റം ചുമത്തിയിരുന്നു. ഇവരുടെ വീട്ടിലെ ഗാരേജിൽ വെച്ച് 30 തവണയാണ് ആൻഡേഴ്സന് വെടിയേറ്റത്.
എന്നാൽ ഫെഡറൽ ഡെപ്യൂട്ടി എന്ന നിലയിൽ റിയോ ഡി ജനീറോ സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്നതിനാൽ ഇവരെ അറസ്റ്റ് ചെയ്യാനോ പ്രോസിക്യൂട്ട് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. ബ്രസീലിലെ അധോസഭ കഴിഞ്ഞ ആ പദവിയിൽ നിന്നും ഫ്ലോറിഡിലിസിനെ വോട്ടെടുപ്പിലൂടെ നീക്കം ചെയ്തിരുന്നു. സ്റ്റേറ്റ് പ്രോസിക്യൂട്ടർമാരുടെ അഭ്യർഥന പ്രകാരം ജഡ്ജിയാണ് ഇവരുടെ അറസ്റ്റിന് ഉത്തരവിട്ടത്.
മുൻ ഇവാൻജലിക്കൽ പാസ്റ്ററും ഗായികമായിരുന്ന ഫ്ലോറിഡലിസ് ഭരണത്തിൽ പ്രവേശിക്കുന്നതിനുമുൻപ് തന്നെ പ്രശസ്തയായിരുന്നു. 12ഓളം കുട്ടികളെ ഇവർ ദത്തെടുത്തിരുന്നു. പിന്നീട് ഇവരിൽ ചിലർ തന്നെ ഫ്ലോറിഡലിസിനെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയതും ശ്രദ്ധേയമായി.
കുറ്റവാളി സംഘങ്ങളുമായി ബന്ധപ്പെടുകയും ഇവരുമായി ഗൂഡാലോചന നടത്തി ഭർത്താവിനെ വധിച്ചുവെന്നുമാണ് ഫ്ളോറിഡിലിനെതിരെയുള്ള കുറ്റം. കുടുംബത്തിലെ അധികാരത്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.