വ്യാജരേഖയുണ്ടാക്കി പണം തട്ടിയ കേസ്: പ്രതിയെ കസ്റ്റഡിയിൽ വാങ്ങും
text_fieldsകാക്കനാട്: വ്യാജസർക്കാർ രേഖയുണ്ടാക്കി പണം തട്ടിയ കേസിൽ അറസ്റ്റിലായ മുൻ യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹാഷിമിനെ കസ്റ്റഡിയിൽ വാങ്ങാനൊരുങ്ങി തൃക്കാക്കര പൊലീസ്. ഇതിനായി തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് അധികൃതർ അറിയിച്ചു. അന്വേഷണ ഭാഗമായ ചോദ്യം ചെയ്യലും തെളിവെടുപ്പും അടക്കമുള്ള നടപടികളുടെ ഭാഗമായാണ് അപേക്ഷ സമർപ്പിക്കുന്നത്. കണയന്നൂർ താലൂക്ക് തഹസിൽദാർ രഞ്ജിത് ജോസിന്റെ പേരിൽ വ്യാജ സർക്കാർ രേഖകളുണ്ടാക്കി പണം തട്ടിയെന്ന കേസിലാണ് ഹാഷിമിനെ അറസ്റ്റ് ചെയ്തത്. അതേസമയം, കേസിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് നിഗമനം. സ്വന്തം ലാപ്ടോപ് ഉപയോഗിച്ചാണ് വ്യാജരേഖകൾ ഉണ്ടാക്കിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. റവന്യൂ രേഖകളിൽ നിലമായ ഭൂമി പുരയിടമാക്കി മാറ്റി നൽകാമെന്ന് വിശ്വസിപ്പിച്ച് കോലഞ്ചേരി സ്വദേശിയായ വൈദികനിൽനിന്ന് 2,400,00 രൂപ തട്ടിച്ചെടുക്കുകയായിരുന്നു. ഈ സ്ഥലം പുരയിടമാക്കി മാറ്റിയതിനുള്ള തഹസിൽദാറുടെ ഭൂമി തരം മാറ്റൽ സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുകയും തുടർന്ന് തൃക്കാക്കര നോർത്ത് വില്ലേജ് ഓഫിസറുടെ പേരിൽ പോക്കുവരവ് ചെയ്തതിന്റെ സർട്ടിഫിക്കറ്റുകളുമുണ്ടാക്കി പരാതിക്കാരന് നൽകുകയായിരുന്നു.
സംഭവം വിവാദമായതോടെ യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്ന ഹാഷിമിനെ പുറത്താക്കിയിയെങ്കിലും കോൺഗ്രസിനെതിരെ ആയുധമായി ഉപയോഗിക്കാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഉമ്മൻ ചാണ്ടി, രമേഷ് ചെന്നിത്തല, പി.ടി. തോമസ്, ഉമ തോമസ് തുടങ്ങിയവർക്കൊപ്പമുള്ള ഫോട്ടോകളാണ് പ്രവർത്തകർ പുറത്തുവിട്ടത്. പ്രതിക്ക് തൃക്കാക്കര എം.എൽ.എ ഓഫിസും കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രസ്താവന പുറത്തിറക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

