ശ്രുതിയുടെ മരണം; എട്ടു മാസത്തിനുശേഷം ഫോറൻസിക് റിപ്പോർട്ട് പുറത്ത്
text_fieldsതൃപ്രയാർ: എൽഎൽ.ബി വിദ്യാർഥിനി ശ്രുതിയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അമ്മയും ആക്ഷൻ കൗൺസിലും ശക്തമായി രംഗത്ത് ഇറങ്ങിയതോടെ ഇതുവരെ പുറത്തുവരാതിരുന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. ശ്രുതിയുടെ ശരീരത്തിനുള്ളിൽ കണ്ടെത്തിയ ദ്രാവകത്തിൽ വിഷാംശമില്ലെന്നാണ് റിപ്പോർട്ട്.
വ്യാഴാഴ്ച വൈകീട്ട് മൂന്നോടെയാണ് തന്റെ വാട്സ്ആപ്പിലേക്ക് പൊലീസ് ഫോറൻസിക് റിപ്പോർട്ട് അയച്ചതെന്ന് ശ്രുതിയുടെ അമ്മ കൈരളി പറഞ്ഞു. ലാബിൽനിന്ന് കഴിഞ്ഞ ഡിസംബറിൽ ലഭിച്ച റിപ്പോർട്ടാണ് എട്ടുമാസം കഴിയാറായപ്പോൾ നൽകിയത്. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ മദ്രാസ് ഹൈകോടതിയെ സമീപിക്കുമെന്ന് കൈരളി കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതോടെയാണ് 'മുങ്ങിയ' റിപ്പോർട്ട് പുറത്തുവന്നത്.
മുമ്പ് മൂന്നുതവണ കൈരളി തമിഴ്നാട്ടിലെ ഈറോഡ് പൊലീസിനെ നേരിൽക്കണ്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിരുന്നില്ല. മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. പോസ്റ്റ്മോർട്ടം ചെയ്യാൻ ആദ്യം വിസമ്മതിച്ചുവെന്നും തന്റെ നിർബന്ധംമൂലമാണ് പോസ്റ്റ്മോർട്ടം ചെയ്തതെന്നും കൈരളി പറഞ്ഞു. ശ്രുതിയുടെ കൈകാലുകൾ കെട്ടിയ നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ജീവനക്കാർ പറഞ്ഞിരുന്നതായി കൈരളി പറഞ്ഞു.
കഴിഞ്ഞവർഷം ആഗസ്റ്റ് 17നാണ് ഈറോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ശ്രുതിയെ മരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ് കൈരളി ഈറോഡ് ഗവ. ആശുപത്രിയിൽ എത്തിയപ്പോൾ ശ്രുതിയുടെ സുഹൃത്ത് അയിരൂർ സ്വദേശി ഹരികൃഷ്ണൻ എന്ന യുവാവും ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. പിന്നീട് ഇയാൾ കൊച്ചിയിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട് ജയിലിലായി. ശ്രുതിയുടെ മരണവുമായി ഹരികൃഷ്ണന് ബന്ധമുണ്ടോ എന്ന് അന്വേഷിച്ചെങ്കിലും എങ്ങുമെത്തിയില്ല. മരണകാരണം അറിയുന്നതുവരെ സമരം തുടരാനാണ് ആക്ഷൻ കൗൺസിൽ തീരുമാനം.
ഹരികൃഷ്ണനെതിരെ കൊലക്കുറ്റം ചുമത്തണം -ആക്ഷൻ കൗൺസിൽ
തൃപ്രയാർ: കഴിമ്പ്രം സ്വദേശി കാർത്തികേയന്റെയും കൈരളിയുടെയും മകൾ എൽഎൽ.ബി വിദ്യാർഥിനി ശ്രുതി തമിഴ്നാട് ഈറോഡിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് സുഹൃത്ത് ഹരികൃഷ്ണനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ എം.എൽ.എ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ നാട്ടിക എം.എൽ.എ സി.സി. മുകുന്ദന്റെ ഓഫിസിന് മുന്നിൽ ധർണ നടത്തി. പ്രഫ. കുസുമം ജോസഫ് ഉദ്ഘാടനം ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും പരാതിക്കാർക്ക് നൽകാതെ മാസങ്ങളോളം കൈവശം വെച്ചതും റിപ്പോർട്ടിലെ വൈരുധ്യങ്ങളും വസ്തുതകൾ മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കുസുമം ജോസഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

