കഞ്ചാവ് ചെടികൾ വളർത്തിയ വിദേശികൾക്ക് നാലുവർഷം തടവ്
text_fieldsകഞ്ചാവ് കേസിൽ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ആദിൽ മുഹമ്മദും ഉൾദിക് റിട്ചറും
മുട്ടം: താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കേസിൽ വിദേശികളായ രണ്ടുപേർക്ക് കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഈജിപ്ത് സ്വദേശികളും കുമളിയിൽ റിസോർട്ട് നടത്തിപ്പുകാരുമായ മുഹമ്മദ് ആദിൽ മുഹമ്മദ് (51), ഉൾദിക് റിട്ചർ (39) എന്നിവർക്കാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷ വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. കൂടാതെ 90 ഗ്രാം കഞ്ചാവും 90 ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുത്ത കേസിൽ ഒരു മാസം തടവും 10,000 രൂപ പിഴയും വേറെയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. 2016 ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം.
കുമളി-തേക്കടി ബൈപാസിൽ ജംഗിൾ ഡ്രീം ടൂർസ് ക്രിസിസ് റിസോർട്ടിലെ താമസസ്ഥലത്ത് മുറിയുടെ വരാന്തയിൽ ചെടിച്ചട്ടികളിൽ അഞ്ച് കഞ്ചാവ് ചെടികൾ വളർത്തുകയും 90 ഗ്രാം കഞ്ചാവും 90 ഗ്രാം ഹഷീഷ് ഓയിലും കൈവശം സൂക്ഷിക്കുകയും ചെയ്തെന്നാണ് കേസ്. ഇടുക്കി അസി. എക്സൈസ് കമീഷണർ ആയിരുന്ന ജി. പ്രദീപ് കുമാർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.