വിദേശ യുവതിയെ കൊലപ്പെടുത്തിയ കേസ്: വിചാരണ ഇന്ന് തുടങ്ങും
text_fieldsതിരുവനന്തപുരം: കോവളത്ത് ലാത്വിയ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ബുധനാഴ്ച ആരംഭിക്കും. പ്രദേശവാസികളായ ഉദയൻ, ഉമേഷ് എന്നിവരാണ് പ്രതികൾ. 2019 ജൂൺ 22ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചില്ല. യുവതിയുടെ കുടുംബാംഗങ്ങൾ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയെ അടക്കം 104 സാക്ഷികളെ വിസ്തരിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.
2018 മാർച്ച് 14 നാണ് സഹോദരിക്കൊപ്പം യുവതി കേരളത്തിൽ ചികിത്സക്കെത്തിയത്. കോവളത്തെത്തിയ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യജേന പ്രതികൾ സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരിൽ വള്ളത്തിൽ കുറ്റിക്കാട്ടിലെത്തിച്ചു. അവിടെവെച്ച് ലൈംഗികമായി പീഡിപ്പിച്ച് കൊന്നശേഷം മൃതദേഹം പൊന്തക്കാട്ടിൽ തള്ളി. വിദേശ വനിതയുടെ മൃതദേഹം തേടിയുള്ള തിരച്ചിലിലും പ്രതികൾ പങ്കാളികളായി.
ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് യുവതിയുടെ ശരീരം കണ്ടൽ കാട്ടിലുണ്ടെന്ന് പ്രതികൾ അറിയിച്ചത്. ഇതിനിടെ, കേസിൽ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സുഹൃത്ത് ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. കേസിലെ സാക്ഷിക്കുനേരെ ഭീഷണിയുയർന്നത് അടുത്തിടെ വാർത്തപ്രാധാന്യം നേടിയിരുന്നു.
