കൊക്കെയ്ൻ കടത്തിയ വിദേശ യുവതി അറസ്റ്റിൽ
text_fieldsബംഗളൂരു: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ബ്രെഡ് കവറുകളിൽ ഒളിപ്പിച്ച് മുംബൈയിൽനിന്ന് ബംഗളൂരുവിലേക്ക് 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ൻ കടത്തിയ വിദേശ വനിതയെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. കള്ളക്കടത്തിനൊപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയുന്ന മൊബൈൽ ഫോണും പിടിച്ചെടുത്തു. സ്ത്രീയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വർത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിദേശ വനിത അറിയപ്പെടുന്ന വ്യക്തികൾക്ക് കൊക്കെയ്ൻ വിതരണം ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു സി.സി.ബി നാർകോട്ടിക് കൺട്രോൾ വിങ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്.
2024ൽ വിദ്യാർഥി വിസയിൽ ഡൽഹിയിൽ സർവകലാശാലയിൽ പഠനം നടത്താമെന്ന് പറഞ്ഞ് എത്തിയതായിരുന്നു യുവതി. എന്നാൽ ഒരു കോളജിലും ചേരാതെ അവർ മുംബൈയിലെ ഘാട്കോപ്പർ, അംബവാടി, നല്ലസൊപാര തുടങ്ങിയ പ്രദേശങ്ങളിൽ താമസിച്ചു.
മുംബൈയിലെ സുഹൃത്തിൽനിന്ന് കൊക്കെയ്ൻ വാങ്ങി അയാളുടെ നിർേദശപ്രകാരം നിശ്ചിത സ്ഥലങ്ങളിലേക്ക് മയക്കുമരുന്ന് എത്തിച്ച് നിയമവിരുദ്ധമായി പണം സമ്പാദിച്ചതായും പൊലീസ് പറഞ്ഞു.
അവർ പതിവായി സ്വകാര്യ ബസുകളിൽ മുംബൈയിൽനിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്നതായും കണ്ടെത്താതിരിക്കാൻ ബ്രെഡ് കവറുകളിലും സമാന ഉൽപന്നങ്ങളിലും കൊക്കെയ്ൻ ഒളിപ്പിച്ച് കടത്തിയിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വർത്തൂർ പൊലീസ് സ്റ്റേഷനിൽ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം റിമാൻഡ് ചെയ്തു.
മറെറാരു കേസിൽ, നിരോധിത മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാരെ ജലഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 26.90 ലക്ഷം രൂപ വിലമതിക്കുന്ന 247 ഗ്രാം ഹൈഡ്രോ കഞ്ചാവും 19 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. കലിങ്ങറാവു സർക്കിളിന് സമീപം ലഹരി വിൽപനയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

