ലോട്ടറി വിൽപനയുടെ മറവിൽ വിദേശ മദ്യം വിറ്റയാൾ അറസ്റ്റിൽ
text_fieldsപിടികൂടിയ മദ്യം (ഇൻസെറ്റിൽ അറസ്റ്റിലായ രവീന്ദ്രൻ)
തേവര: ഡിഫൻസ് സർവിസിൽ മാത്രം ഉപയോഗിക്കുന്ന വിദേശ മദ്യവുമായി ലോട്ടറി വിൽപനക്കാരൻ പിടിയിൽ. തേവര പണ്ഡിറ്റ് കറുപ്പൻ റോഡിൽ മാടശ്ശേരി വീട്ടിൽ രവീന്ദ്രനാണ് (63 ) അറസ്റ്റിലായത്. ഇയാളിൽനിന്ന് 18.500 ലിറ്റർ മദ്യം എറണാകുളം റേഞ്ച് എക്സൈസ് പിടിച്ചെടുത്തു. ലോട്ടറി വിൽപന എന്ന വ്യാജേന വൻതോതിൽ മദ്യം കടത്തി കൊണ്ടുവന്ന് ലോട്ടറി കടയിൽ വിൽപന നടത്തി വരുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടാതെ അതിരാവിലെ മാത്രം സമാന്തര ബാർ സർവിസ് പോലെ പെഗ് റേറ്റിലും ഇയാൾ മദ്യം ആവശ്യക്കാർക്ക് വിൽപന നടത്തിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് ഷാഡോ സംഘം ഇയാളെ സമീപിച്ച് പിടികൂടുകയായിരുന്നു. ഡിഫൻസ് സർവിസ് മദ്യം എത്തിച്ച് കൊടുത്ത ആളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
എറണാകുളം സിറ്റി എക്സൈസ് റേഞ്ചിലെ പ്രിവന്‍റീവ് ഓഫിസർമാരായ എസ്. സുരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്സൈസ് ഓഫിസർ എൻ.ഡി. ടോമി, വനിത ഉദ്യോഗസ്ഥരായ കെ.എസ്. സൗമ്യ, എസ്. അനിമോൾ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

