വിദേശജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കൽ: 22 വർഷത്തിനുശേഷം പ്രതി പിടിയിൽ
text_fieldsകോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപുള്ളി അറസ്റ്റിൽ. തോപ്പയിൽ സ്വദേശി
സി.വി. സക്കറിയയെയാണ് നടക്കാവ് പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം 22 വർഷങ്ങൾക്ക് ശേഷം പിടികൂടിയത്.
നടക്കാവ് പൊലീസ് സ്റ്റേഷനിൽ 2001ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് കസ്റ്റംസ് റോഡിൽ ഒമാൻ ട്രാവൽസ് എന്ന സ്ഥാപനം തുടങ്ങി വിദേശത്ത് ഉയർന്ന ശമ്പളനിരക്കിൽ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് കൊയിലാണ്ടി മൂടാടി സ്വദേശിനിയായ ശ്രീജയിൽ നിന്ന് 75,000 രൂപ വാങ്ങി വിസ നൽകാതെ വഞ്ചിച്ചെന്നാണ് കേസ്.
കേസിനുപിന്നാലെ ഒളിവിൽപോയ പ്രതിയെ അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, പിന്നീട് കേസിന് ഹാജരാകാതെ ഇയാൾ മുങ്ങി. വിവിധയിടങ്ങളിലായി താമസിച്ചുവരുന്നതിനിടെയാണ് പിടിയിലായത്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സി. ഹരീഷ് കുമാർ, പി.കെ. ബൈജു, പി.എം. ലെനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
കോഴിക്കോട് ജെ.എഫ്.സി.എം നാലു കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജില്ല ജയിലിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

