അഞ്ചു വയസ്സുകാരന്‍റെ കാൽവെള്ളയിൽ പൊള്ളലേൽപിച്ച മാതാവ് അറസ്റ്റിൽ
text_fieldsഅടിമാലി: അഞ്ചു വയസ്സുകാരന്‍റെ കാൽവെള്ളയിൽ പൊള്ളലേൽപ്പിച്ച സംഭവത്തിൽ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാന്തൻപാറ പേത്തൊട്ടി സ്വദേശിയായ 24 കാരിയെ ആണ് ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്.
ദേവികുളം കോടതിയിൽ ഹാജരാക്കിയ യുവതിയെ കാക്കനാട് വനിത ജയിലിൽ റിമാൻഡ് ചെയ്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ കേസെടുത്തിരിക്കുന്നത്. അഞ്ചു ദിവസം മുമ്പാണ് ശാന്തൻപാറ പേത്തൊട്ടിയിൽ തമിഴ് വംശജരായ തോട്ടം തൊഴിലാളികളുടെ മകനെ പെറ്റമ്മ കാൽവെള്ളയിലും ദേഹത്തും സീൽ തവി അടുപ്പിൽ വെച്ച് ചൂടാക്കി പൊള്ളലേൽപ്പിച്ചത്. തങ്ങൾ ജോലിക്കു പോകുമ്പോൾ മകൻ കാട്ടിലേക്ക് ഓടി പോകുന്നതിലുള്ള ദേഷ്യം കൊണ്ടാണ് മകന്‍റെ കാൽ വെള്ളയിൽ പൊള്ളലേൽപ്പിച്ചത് എന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.
കുട്ടിയുടെ രണ്ട് കാൽവെള്ളയിലും ദേഹത്തും പൊള്ളലേറ്റത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.