നഗരത്തിൽ വീണ്ടും തട്ടിക്കൊണ്ടുപോകൽ; പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
text_fieldsഅൽഫയാദ്, മുഹമ്മദ് നബീൽ, മുഹമ്മദ് നിഹാൽ, മുഹമ്മദ് ഖൽസാഹ്, ഷംസുദ്ദീൻ
കോഴിക്കോട്: പാളയത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചു പ്രതികൾ പിടിയിൽ. കാരന്തൂർ സ്വദേശിയായ ഷാജിത്തിനെ ചൊവ്വാഴ്ച പുലർച്ച ചിന്താവളപ്പിലെ ലോഡ്ജിൽനിന്ന് തട്ടിക്കൊണ്ടുപോയ കേസിലാണ് മഞ്ചേരി സ്വദേശി വക്കത്തടി മുഹമ്മദ് ഖൽസാഹ് (33), ഇരുവെട്ടി ചുങ്കത്തലങ്ങൽ വീട്ടിൽ അൽഫയാദ് (25), ചേളാരി സ്വദേശി പുളിമുക്ക് കോരൻ കണാരി വീട്ടിൽ ഷംസുദ്ദീൻ (39), അരക്കിണർ സ്വദേശി പുളിയഞ്ചേരി പറമ്പിൽ മുഹമ്മദ് നബീൽ (37), പുളിക്കൽ സ്വദേശി ചുണ്ടാബലത്ത് വീട്ടിൽ മുഹമ്മദ് നിഹാൽ (25) എന്നിവരെ കസബ പൊലീസ് പിടികൂടിയത്.
ഷാജിത്തിനെ പ്രതികൾ ഇന്നോവയിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ അടിച്ചുപരിക്കേൽപിക്കുകയും മൊബൈൽ ഫോൺ പിടിച്ചുപറിക്കുകയും ചെയ്തു. കസബ പൊലീസ് സ്ഥലത്തെത്തി സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികളെയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും തിരിച്ചറിയുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിൽ കൊണ്ടോട്ടിയിലുള്ളതായി മനസ്സിലാക്കി. കസബ ഇൻസ്പെക്ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പ്രതികൾ ഓടിച്ച വാഹനത്തിൽനിന്ന് മാരകായുധങ്ങൾ കണ്ടെടുത്തു.
ഷാജിത്ത്
അനധികൃത പണമിടപാടുമായി ബന്ധപ്പെട്ടുള്ള വഴക്കാണ് തട്ടിക്കൊണ്ടുപോകലിന് കാരണം. മുഹമ്മദ് നിഹാലിന് പുളിക്കൽ സ്വദേശിനിയെ വീട്ടിൽ കയറി ആക്രമിച്ചതിന് കൊണ്ടോട്ടി സ്റ്റേഷനിലും, മലപ്പുറം സ്വദേശിയെ കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി കമ്പിപ്പാര കൊണ്ട് അടിച്ചതിന് ഷംസുദ്ദീന് തിരൂരങ്ങാടി സ്റ്റേഷനിലും കേസുണ്ട്. തിരുവണ്ണൂർ സ്വദേശിയെ മാരകായുധം ഉപയോഗിച്ച് ആക്രമിച്ചതിന് ഷാജിത്തിന്റെ പേരിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
കസബ എസ്.ഐ സജിത്ത് മോൻ, എസ്.സി.പി.ഒമാരായ ചാൾസ്, വിപിൻ ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം പൊലീസ് ചമഞ്ഞെത്തിയ അഞ്ചംഗ സംഘം ട്രാവൽ ഏജൻസി മാനേജർ ബേപ്പൂർ സ്വദേശി ബിജുവിനെ തട്ടിക്കൊണ്ടുപോയിരുന്നു. പുലർച്ച തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഉച്ചയോടെ ബിജുവിനെ കരുവാരകുണ്ടിൽനിന്ന് കണ്ടെത്തുകയും അഞ്ചു പ്രതികളെയും കസബ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

