യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ശ്രീലാൽ, അനീഷ് ആന്റണി, നിജാസ്, സാം സന്തോഷ്, സാവിയോ
തൃക്കൊടിത്താനം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. തലവടി ചക്കുളത്തുകാവ് മുക്കാടൻ വീട്ടിൽ ശ്രീലാൽ (34), ആലപ്പുഴ തുമ്പോളി കാട്ടുങ്കൽ വീട്ടിൽ അനീഷ് ആന്റണി (42), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ തോട്ടപ്പറമ്പിൽ വീട്ടിൽ നിജാസ് (30), ചങ്ങനാശ്ശേരി മുണ്ടക്കൽ വീട്ടിൽ സാം സന്തോഷ് (22), പെരുന്ന പാലത്തുങ്കൽ വീട്ടിൽ സാവിയോ സെബാസ്റ്റ്യൻ ജോസഫ് (22) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
കിളിമല എസ്.എച്ച് സ്കൂളിനുസമീപം പായിപ്പാട് സ്വദേശിയായ അഭിജിത്തിനെ ആക്രമിച്ചശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവും ഇവരും തമ്മിൽ സംഭവം നടക്കുന്നതിന് തലേദിവസം രാത്രി വാക്തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ച എന്നോണമാണ് അടുത്തദിവസം കാറിലെത്തിയ ഇവർ യുവാവിനെ സ്കൂളിനുസമീപം വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
വയറിന് കുത്തേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെത്തുടർന്ന് തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. ഒളിവില് കഴിഞ്ഞിരുന്ന ഇവരെ വിവിധയിടങ്ങളിൽനിന്നായി പിടികൂടുകയായിരുന്നു.
തൃക്കൊടിത്താനം എസ്.എച്ച്.ഒ അനൂപ്.ജി, സി.പി.ഒമാരായ സെൽവരാജ്, ജസ്റ്റിൻ ജേക്കബ്, സന്തോഷ് പി.സി, വിബിൻ, സജീഷ് ജോർജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. യുവാക്കളെ കോടതിയിൽ ഹാജരാക്കി.