പട്ടാപ്പകൽ വീട്ടിൽ കയറി കത്തികാട്ടി അഞ്ചംഗ സംഘത്തിന്റെ കവർച്ച; ഒരാൾ പിടിയിൽ
text_fieldsപാണ്ടിക്കാട് കുറ്റിപ്പുളിയിൽ കവർച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയപ്പോൾ
പാണ്ടിക്കാട്: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറിയ കവർച്ച സംഘം സ്വർണവും പണവും കവർന്നു. പർദയും മുഖംമൂടിയും ധരിച്ചെത്തിയ അഞ്ചംഗസംഘം വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ഓടി രക്ഷപ്പെടുന്നതിനിടെ സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. പിടിയിലായ ബേപ്പൂർ നടുവട്ടം സ്വദേശി അനീസിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെ കിഴക്കേ പാണ്ടിക്കാട് കുറ്റിപ്പുളിയിൽ ചക്കാലക്കുന്നൻ അബ്ദുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. സ്വർണവളയും 15,000 രൂപയുടെ മൊബൈൽ ഫോണും സംഘം കവർന്നു. ഇന്നോവ കാറിലെത്തിയ സംഘം വീടിന്റെ മതിൽ ചാടിക്കടന്ന് അടുക്കള വാതിലിലൂടെയാണ് അകത്തെത്തിയത്. ഈ സമയം അബ്ദുവിന്റെ ഭാര്യ, രണ്ടു പെൺമക്കൾ, ഇവരുടെ കുട്ടികൾ എന്നിവർ വീട്ടിലുണ്ടായിരുന്നു. ശബ്ദമുണ്ടാക്കി ബഹളം വെച്ചാൽ കൊന്നു കളയുമെന്ന് കവർച്ച സംഘം ഭീഷണിപ്പെടുത്തിയതായി വീട്ടുകാർ പറയുന്നു.
ഈ സമയം ഒരു കുട്ടി വീടിന് പുറത്തേക്ക് ഓടുകയും നാട്ടുകാരെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ, രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. മറ്റു നാലുപേരും കാറിൽ കയറി രക്ഷപ്പെട്ടു. പിടിവലിക്കിടെ പരിക്കേറ്റ വീട്ടുകാർ പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

