മുക്കുപണ്ടം പണയംവെച്ച് ഒരു കോടിയുടെ തട്ടിപ്പ്; അഞ്ചംഗ സംഘം പിടിയിൽ
text_fieldsകൊച്ചി: പാലാരിവട്ടത്തെ പ്രമുഖ സ്വകാര്യ പണയ സ്ഥാപനത്തിൽ മുക്കുപണ്ട ആഭരണങ്ങൾ പണയംവെച്ച് ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ പ്രതികൾ അറസ്റ്റിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശി വിഷ്ണു, ഇടുക്കി മണിയാർകുടി സ്വദേശി ലിബിൻ സേവ്യർ (34), ഉടുമ്പന്നൂർ സ്വദേശി അർഷൽ ഇസ്മായിൽ (32), കോതമംഗലം പിണ്ടിമന സ്വദേശി ഷിനോജ് (42), വയനാട് മൂലംകാവ് സ്വദേശി രാഹുൽ എന്നിവരാണ് പാലാരിവട്ടം പൊലീസിന്‍റെ പിടിയിലായത്.
ജൂൺ 13 മുതൽ ജൂലൈ 27 വരെ കാലയളവിലാണ് സംഘം തട്ടിപ്പു നടത്തിയത്. വിഷ്ണു സ്ഥാപനത്തിലെത്തി രണ്ടു തവണയായി യഥാർഥ സ്വർണാഭരണം പണയംവെച്ചു ജീവനക്കാരെ വിശ്വാസത്തിലെടുത്തു. തുടർന്ന് കൂട്ടുപ്രതികളുമായി എത്തി പലതവണയായി ഹാൾ മാർക്ക് മുദ്രയുള്ള മുക്കുപണ്ടം പണയംവെച്ചു പണം കൈക്കലാക്കുകയായിരുന്നു. സ്ഥാപനത്തിലെ ഓഡിറ്റിങ്ങിലാണ് പണയംവെച്ച ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ജൂലൈ 29ന് വീണ്ടും പണയംവെക്കാനായി വിഷ്ണുവും രാഹുലും എത്തിയപ്പോൾ ജീവനക്കാർ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. മാനേജറുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. തട്ടിപ്പ് ആസൂത്രണം ചെയ്തത് അർഷലും മുക്കുപണ്ട ആഭരണങ്ങൾ സ്വർണം പൂശി നിർമിച്ച് മറ്റ് പ്രതികൾക്ക് വിൽപന നടത്തിയിരുന്നത് ഷിനോജുമാണ്. മുക്കുപണ്ടം എത്തിച്ചു നൽകി പണം കൈപ്പറ്റിയിരുന്നയാളാണ് ലിബിൻ. ഇവരെ പിന്നീട് പ്രത്യേക അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഒളിസങ്കേതങ്ങളിൽനിന്ന് പിടികൂടിയത്.
പ്രതികളിൽനിന്ന് തട്ടിപ്പിന് ഉപയോഗിച്ചുവരുന്ന ആഭരണങ്ങളും അസംസ്കൃത വസ്തുക്കളും മൊബൈൽ ഫോണുകളും സിം കാർഡുകളും പിടികൂടി. കേരളത്തിലെ വിവിധ ജില്ലകളിൽ തട്ടിപ്പു സംഘം പണയ സ്ഥാപനങ്ങളെയും നിരവധി പേരെയും ഇത്തരത്തിൽ കബളിപ്പിച്ച് പണം തട്ടിയതായി വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

