യുവാവിനെ ആക്രമിച്ച അഞ്ചംഗ സംഘം അറസ്റ്റിൽ
text_fieldsയുവാവിനെ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവർ
കട്ടപ്പന: ക്രിസ്മസ് രാത്രി കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച അഞ്ച് യുവാക്കൾ അറസ്റ്റിൽ. കട്ടപ്പന സുവർണഗിരി തോവരയാർ കീരിയാനിക്കൽ നിഖിലിനെയാണ് (20) ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന മഞ്ഞപ്പള്ളിൽ ഐ.ടി.ഐ വിദ്യാർഥി അമൽ (20), കട്ടപ്പനയിലെ ഹോട്ടൽ ജീവനക്കാരൻ തോമസ് (26), കല്ലുകുന്ന് വട്ടക്കാട്ടിൽ ജോ മാർട്ടിൻ ജോസ് (24), കട്ടപ്പന ഇഞ്ചയിൽ സുദീപ് (25), വലിയകണ്ടം കുളത്തുങ്കൽ അരവിന്ദ് (24) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്.
മർദനമേറ്റ യുവാവിന് ആദ്യഘട്ടത്തിൽ പരാതി ഉണ്ടായിരുന്നില്ല. എന്നാൽ, സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് ഇടപെട്ട് യുവാവിനെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങി കേസ് എടുക്കുകയായിരുന്നു. മദ്യലഹരിയിലാണ് വാക്തർക്കവും സംഘർഷവും ഉണ്ടായത്. അറസ്റ്റിലായ യുവാക്കളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
സ്റ്റേഷനിൽ അറിയിച്ചയാളെ എസ്.ഐ മർദിച്ചെന്ന് പരാതി
കട്ടപ്പന: കട്ടപ്പന ബസ് സ്‌റ്റാൻഡിൽ നടന്ന സംഘർഷം പരിഹരിക്കാനെത്തിയ എസ്.ഐ തട്ടുകടയിൽനിന്ന യുവാവിനെയും ബസ് കാത്തുനിന്നവരെയും മർദിച്ചതായി പരാതി. ഗ്രേഡ് എസ്.ഐ ഡി. സുരേഷിനെതിരെയാണ് ആരോപണം. മർദനമേറ്റ ഇരട്ടയാർ സ്വദേശിയായ സെബിൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
തിങ്കളാഴ്ച പുലർച്ച മൂന്നോടെ രണ്ട് കാറിലെത്തിയ യുവാക്കൾ ചേർന്ന് സുവർണഗിരി സ്വദേശിയായ 22 കാരനെ മർദിച്ചിരുന്നു. ഈ സമയം സെബിൻ അടക്കം അഞ്ചുപേർ സ്ഥലത്തുണ്ടായിരുന്നു.സംഘർഷം രൂക്ഷമായതോടെ സ്‌റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എസ്.ഐ സംഘർഷമുണ്ടാക്കിയവരെ പിടികൂടാതെ ബസ് കാത്തുനിന്നവരെയടക്കം അസഭ്യം പറഞ്ഞ് ചൂരലുകൊണ്ട് മർദിക്കുകയായിരുന്നത്രേ.
ഇവരല്ല പ്രശ്നമുണ്ടാക്കിയതെന്ന് എസ്.ഐയോട് വിവരിച്ചെങ്കിലും തന്നെയും മർദിച്ചെന്ന് സെബിൻ പറയുന്നു. ആരോട് ചോദിച്ചിട്ടാണ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തതെന്ന് എസ്.ഐ ചോദിച്ചതായും എസ്.പിക്ക് നൽകിയ പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

