യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചുപേർ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. മഴൂരിലെ പി.കെ. സുഹൈറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ തളിപ്പറമ്പ് സി.എച്ച് റോഡിലെ ചുള്ളിയോടൻ പുതിയപുരയിൽ ഇബ്രാഹിം (30), കുറുമാത്തൂർ വെള്ളാരംപാറയിലെ ആയിഷാസിൽ മുഹമ്മദ് സുനീർ (28), തളിപ്പറമ്പ് കാക്കത്തോടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷാക്കീർ (31), യതീംഖാനക്ക് സമീപത്തെ കൊമ്മച്ചി പുതിയപുരയിൽ ഇബ്രാഹിം കുട്ടി (35), മന്ന സ്വദേശി കായക്കൂൽ മുഹമ്മദ് അഷറഫ് (43) എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
സുഹൈലിന്റെ മാതാവ് ആത്തിക്ക, തന്റെ മകനെ ഈ മാസം 23 മുതൽ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. തുടർന്ന് തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുഹൈറിനെ സഹോദരിയുടെ തടിക്കടവിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് തന്നെ ഒരുസംഘം തട്ടിക്കൊണ്ടുപോയതാണെന്ന് സുഹൈർ പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പിൽ ഉയർന്നുവന്ന നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം. ബിസിനസിൽ പങ്കാളിയാക്കി വൻ തുക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് സുഹൈറിനെ തട്ടിക്കൊണ്ടുപോയതത്രെ. തുടർന്ന് അഞ്ച് ദിവസത്തോളം വിവിധ സ്ഥലങ്ങളിൽ മാറ്റിപ്പാർപ്പിക്കുകയായിരുന്നു.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുകയും സുഹൈറിന്റ മാതാവ് മകനെ കാണാനില്ലെന്ന് പരാതി നൽകുകയും ചെയ്തു. ഇതോടെ സുഹൈറിനെ സഹോദരിയുടെ തടിക്കടവിലെ വീട്ടിൽ എത്തിച്ച് സംഘം രക്ഷപ്പെടുകയാണ് ഉണ്ടായതെന്ന് പറയുന്നു. ഇവിടെ നിന്നും സുഹൈറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തളിപ്പറമ്പ് മന്നയിലെ മുനീർ എന്നയാളെ കൂടി സംഭവത്തിൽ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി. വിനോദിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

