Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജരേഖ ചമച്ച് അനധികൃത അവയവദാനം: അഞ്ചുപേർ അറസ്റ്റിൽ

text_fields
bookmark_border
അവയവ കച്ചവടത്തിന് ഉപയോഗിക്കാൻ എം.എൽ.എ, എം.പി എന്നിവരുടെ വ്യാജ ബ്ലാങ്ക് ലെറ്റർ പാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജ രേഖകൾ എന്നിവ കണ്ടെത്തി
വ്യാജരേഖ ചമച്ച് അനധികൃത അവയവദാനം: അഞ്ചുപേർ അറസ്റ്റിൽ
cancel

ആലുവ: വ്യാജരേഖ ചമച്ച് അനധികൃത അവയവദാനം നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളം റൂറൽ ജില്ലയിലാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ ശ്രീജ, സുധീർ എന്നിവരെ കൊല്ലം കിളിക്കല്ലൂർ പൊലീസ് സ്റ്റേഷനിലും അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞ് പെരുമ്പാവൂർ, ആലുവ, പുത്തൻകുരിശ്, മുനമ്പം സബ് ഡിവിഷൻ പരിധികളിലാണ് റെയ്ഡ് നടത്തിയത്.

കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കര കമ്മ്യൂണിക്കേഷൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അവയവ കച്ചവടത്തിന് ഉപയോഗിക്കാൻ എം.എൽ.എ, എം.പി എന്നിവരുടെ വ്യാജ ബ്ലാങ്ക് ലെറ്റർ പാഡുകൾ, വിവിധ മെഡിക്കൽ ലാബുകളുടെ വ്യാജ രേഖകൾ എന്നിവ കണ്ടെത്തി. പുറമെ ജില്ലയിലെ പ്രധാന ആശുപത്രികളുടെ വ്യാജ ബ്ലാങ്ക് ലെറ്റർ പാഡിൽ ഡോക്ടറുടെ പേരും സീലും ഒപ്പുംവെച്ച് കൃത്രിമമായി തയാറാക്കിയ രേഖയും കണ്ടെത്തി. രോഗികളുടെ പേരും വിലാസവും വൃക്ക ദാതാവിന്റെ പേരും വിലാസവും രേഖപ്പെടുത്തി പി.സി.സി ലഭിക്കാൻ പൊലീസിന്റേതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള കത്തുകളാണിത്.

ഈ കേസിലാണ് സണ്ണി വർഗീസ്, സിനി വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തത്. ചിത്രപ്പുഴ പോഞ്ഞാശ്ശേരി റോഡരികിൽ പ്രവർത്തിക്കുന്ന സൈൻ എച്ച്.ഡി ഡിജിറ്റൽ സ്റ്റുഡിയോയിൽ നടത്തിയ റെയ്ഡിൽ അവയവക്കച്ചവടത്തിന് സൂക്ഷിച്ച വ്യാജ രേഖകൾ, ബ്ലാങ്ക് ലെറ്റർ പാഡുകൾ, സീലുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ എന്നിവ കണ്ടെടുത്തു. ഈ കേസിലാണ് സനോജിനെ അറസ്റ്റ് ചെയ്തത്.

വടക്കേക്കരയിലെ ഒരു വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ എറണാകുളത്തെ പ്രധാന ആശുപത്രികളിൽനിന്നുള്ള വൃക്കദാതാവിന്റെ സമ്മതപത്രവും മറ്റു വ്യാജരേഖകളും സ്മാർട്ട് ഫോണുകളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെരിങ്ങാല ഭാഗത്തെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയപ്പോൾ വ്യാജരേഖകളും വ്യാജമുദ്രകളും ഹാർഡ് ഡിസ്കുകളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടാണ് കൊല്ലം ജില്ലയിലെ കിളിക്കല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശ്രീജ, സുധീർ എന്നിവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇവിടെനിന്നും അവയവ കച്ചവടത്തിന് ഉപയോഗിക്കുന്ന വ്യാജ രേഖകൾ കണ്ടെത്തി. റാക്കറ്റിലെ മുഴുവൻ പേരെയും പിടികൂടാൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five arrested for illegal organ donation by forging documents
Next Story