ഫിറ്റ്നസ് സെന്റർ ആക്രമണം: സി.പി.എം പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ള പ്രതികൾ അറസ്റ്റിൽ
text_fieldsബിജുമോൻ വർഗീസ്,
സലാഹുദ്ദീൻ
കാക്കനാട്: ഫിറ്റ്നസ് സെന്റർ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി പെരുന്ന വലിയ മാളികപ്പുറത്ത് വീട്ടിൽ ബിജുമോൻ വർഗീസ് (42), കാക്കനാടിന് സമീപം പടമുകൾ ഓലിക്കുഴി വീട്ടിൽ സലാഹുദ്ദീൻ (32) എന്നിവരെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്.
കേസിൽ രണ്ടാം പ്രതിയായ സലാഹുദ്ദീൻ സി.പി.എം തൃക്കാക്കര വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമാണ്. കാക്കനാട് ജില്ല ജയിലിന് സമീപം പ്രവർത്തിക്കുന്ന ബ്രൗണി ബ്രൂട്ട് എന്ന സ്ഥാപനത്തിൽ സാമ്പത്തിക ഇടപാടിന്റെ പേരിൽ അതിക്രമിച്ചുകയറി കവർച്ച ചെയ്യുകയും ജീവനക്കാരെ ദേഹോപദ്രവും ഏൽപിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സ്ഥാപന ഉടമ പാലക്കാട് സ്വദേശി എസ്. സുധീഷിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം. രാത്രി 11.30ഓടെ നാൽപതോളം ആളുകൾ സ്ഥാപനത്തിലെത്തുകയും ഉടമകളെയും ജീവനക്കാരെയും മാരകായുധങ്ങളുപയോഗിച്ച് ദേഹോപദ്രവം ഏൽപിക്കുകയും ഭീഷണിപ്പെടുത്തി ചെക്ക് ഒപ്പിട്ടുവാങ്ങുകയും കവർച്ച നടത്തുകയുമായിരുന്നു.എം.ഡി.എം.എ ആണെന്ന് പറയിപ്പിക്കാൻ ഉപ്പ് വിതറിയും ഗർഭനിരോധന ഉറകൾ, സിറിഞ്ചുകൾ തുടങ്ങിയവ നിരത്തിവെച്ച് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന രീതിയിൽ വിഡിയോ എടുത്തെന്നും പരാതിയിലുണ്ടായിരുന്നു.
പ്രതികൾ വൈറ്റില ഭാഗത്ത് ഉണ്ടെന്ന് വിവരം ലഭിച്ച ഇൻഫോപാർക്ക് സി.ഐ വിബിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. എസ്.ഐ ശ്രീജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുരളീധരൻ, സിവിൽ പൊലീസ് ഓഫിസർ ജയകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാക്കാനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കിയ ഇരുവരെയും 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കേസിലെ പ്രതികളായ കളമശ്ശേരി സ്വദേശി ഷഫീക്കലി, ഷാഹുൽ ഹമീദ്, സനൂപ്, ആഷിക്, ഒലിമുകൾ സ്വദേശി അഷ്കർ, ആലുവ സ്വദേശിയായ സുനീർ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയെന്ന് ഇൻസ്പെക്ടർ വിപിൻദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

