മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം:രണ്ടുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
text_fieldsനാവിക പരിശീലന കേന്ദ്രത്തിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇൻസാസ് തോക്കുകൾ
ഫോർട്ട്കൊച്ചി: മത്സ്യബന്ധനം കഴിഞ്ഞ് വള്ളത്തിൽ മടങ്ങിവരവെ ഫോർട്ട്കൊച്ചി കടൽതീരത്ത് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ രണ്ടുമാസം പിന്നിട്ടിട്ടും അന്വേഷണം എവിടെയും എത്തിയില്ല. ബാലിസ്റ്റിക് റിപ്പോർട്ട് ലഭിക്കാത്തതാണ് കാരണം. സെപ്റ്റംബർ ഏഴിന് ഉച്ചക്കായിരുന്നു സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് അൽ റഹ്മാൻ എന്ന ഇൻബോർഡ് വള്ളത്തിൽ മടങ്ങവെയാണ് നാവിക പരിശീലിന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യക്ക് പടിഞ്ഞാറ് കടലിൽവെച്ച് ആലപ്പുഴ മണിച്ചിറ സ്വദേശി സെബാസ്റ്റന് (70) വെടിയേറ്റത്. ചെവിയുടെ തട്ടിൽ തുളഞ്ഞുകയറിയ വെടിയുണ്ട വള്ളത്തിൽനിന്ന് തന്നെ ലഭിച്ചുവെങ്കിലും വെടിവെപ്പിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ഉണ്ടാട്ടില്ല.
സെപ്റ്റംബർ ഒമ്പതിന് കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ സംഗീത് ജോബിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നാവിക കേന്ദ്രത്തിൽനിന്നുള്ള വെടിവെപ്പിലാകാം എന്ന നിഗമനത്തിൽ കോടതിയിൽ റിപ്പോർട്ട് നൽകി. പൊലീസ് ബാലിസ്റ്റിക് വിദഗ്ധ സംഘത്തിന്റെ സേവനംതേടി നാവിക പരിശീലന കേന്ദ്രത്തിൽ പരിശോധനയും നടത്തി. കേന്ദ്രത്തിൽനിന്ന് രണ്ടുഘട്ടങ്ങളിലായി 12 ഇൻസാസ് തോക്കുകൾ കണ്ടെത്തി കോടതിവഴി സെപ്റ്റംബർ 19ന് ബാലിസ്റ്റിക് പരിശോധനക്കയച്ചു.
ഇതിനിടെ നാവിക വെടിവെപ്പ് പരിശീലന കേന്ദ്രത്തിന്റെ ചുമതലയുള്ള ഓഫിസറടക്കം 80പേരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഒക്ടോബറിൽ ഔദ്യോഗിക നടപടി പൂർത്തിയായെങ്കിലും തുടരന്വേഷണത്തിനും മറ്റ് നടപടിക്കും ബാലിസ്റ്റിക് റിപ്പോർട്ട് അനിവാര്യമാണെന്നാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

