മത്സ്യമാർക്കറ്റിലെ കവർച്ച: പ്രതി പിടിയിൽ
text_fieldsഅറസ്റ്റിലായ മത്തായി
ഇരിട്ടി: ഇരിട്ടിക്കടുത്ത് മാടത്തിയിലെ മത്സ്യ മാർക്കറ്റിൽനിന്ന് അര ലക്ഷം രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. പേരാവൂർ തുണ്ടിയിലെ കൂരക്കനാൽ ഹൗസിലെ മത്തായി (65)യെ ആണ് ഇരിട്ടി പൊലിസ് ഇൻസ്പെക്ടർ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. നവംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം.
കൂട്ടുപുഴ ഇരിട്ടി റോഡിൽ മാടത്തിൽ ടൗണിലെ മത്സ്യ മാർക്കറ്റിന്റെ പിൻഭാഗത്തെ ഗ്രില്ലിന്റെ വിജാഗിരി ഇളക്കിമാറ്റി ഉള്ളിൽ കടന്ന മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 50000 രൂപ കവരുകയായിരുന്നു. കടയുടമ കരീമിന്റെ പരാതിയിൽ ഇരിട്ടി പൊലീസിന്റെ നേതൃത്വത്തിൽ നിരീക്ഷണ കാമറിയിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാൾ നിരവധി കവർച്ച കേസിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

