ജ്വല്ലറിക്ക് സ്വര്‍ണം വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയുടെ തട്ടിപ്പ്: ഒന്നാം പ്രതി പിടിയിൽ
text_fieldsറെജി ജോസഫ്
എടക്കര: ജ്വല്ലറിയിലേക്ക് സ്വര്‍ണം വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒന്നാം പ്രതി അറസ്റ്റിലായി. അമൃതം ഗ്രൂപ് എം.ഡി റെജി ജോസഫിനെയണ് (50) പോത്തുകല്‍ പൊലീസ് ഇൻസ്പെക്ടർ കെ. ശംഭുനാഥും സംഘവും തൃശൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഡി.എം.കെ കേരള ഘടകം കോഓഡിനേറ്ററാണ് താനെന്ന് ഇയാൾ പറയുന്നു. കേസിലെ മൂന്നാം പ്രതി കോയമ്പത്തൂര്‍ സ്വദേശി ജോൺസണ് തമ്പി (40) നേരേത്ത പിടിയിലായിരുന്നു. പോത്തുകല്‍ മുരുകാഞ്ഞിരം വിജയഭവനിൽ സുഭാഷ്, ആനക്കല്ലില്‍ ആരംഭിച്ച ജ്വല്ലറിയിലേക്ക് സ്വര്‍ണം നല്‍കാമെന്ന് വാഗ്ദാനം നല്കി ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
രണ്ടാം പ്രതിയും റെജി ജോസഫിെൻറ ഭാര്യയുമായ മഞ്ജു ആൻറണി ഒളിവിലാണ്. 2019 ഒക്ടോബറിലാണ് കേസിനാസ്പദമായ ഇടപാടുകള്‍ ആരംഭിച്ചത്. പ്രവാസിയായ സുഭാഷ് ആനക്കല്ലിലെ പെട്രോള്‍ പമ്പിന് മുന്‍വശത്ത് ആരംഭിച്ച ജ്വല്ലറിയിലേക്ക് സ്വര്‍ണം നല്‍കാമെന്നേറ്റാണ് റെജി ജോസഫ് തട്ടിപ്പ് നടത്തിയത്.
കോയമ്പത്തൂരില്‍ സ്ഥിരതാമസക്കാരനായ കേസിലെ ഇയാൾ പോത്തുകല്‍ സ്വദേശിയാണ്. 2019 ഡിസംബറില്‍ 20 ലക്ഷവും 2020 ജനുവരിയില്‍ 40 ലക്ഷവും ഫെബ്രുവരിയില്‍ 60 ലക്ഷവും നവംബറില്‍ 30 ലക്ഷവും 2021 ജനുവരിയില്‍ ആറ് ലക്ഷവുമാണ് സുഭാഷ് നല്‍കിയത്. എന്നാല്‍, ഒരുതരി സ്വര്‍ണം പോലും നല്‍കിയില്ല.
റെജി ജോസഫും മഞ്ജു ആൻറണിയും ഡയറക്ടര്‍മാരായ ഒരു കമ്പനിയുടെ അക്കൗണ്ടിലേക്കാണ് സുഭാഷ് പണം അയച്ചത്. മൂന്നാം പ്രതിയും ഇവരുടെ ഡ്രൈവറുമായ ജോണ്സണ് തമ്പിയാണ് കമ്പനി അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചത്. 2021 ജനുവരി ഒന്നിന് ആനക്കല്ലില്‍ ജ്വല്ലറി ഉദ്ഘാടനം നിശ്ചയിച്ചിയിരുന്നു. എന്നാല്‍, സ്വര്‍ണം നല്‍കാമെന്നേറ്റ റെജി ജോസഫ് മുങ്ങിയതോടെ ഉദ്ഘാടനം നടത്താനായില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കും.