കുണ്ടന്നൂർ വെടിക്കെട്ട്പുര സ്‌ഫോടനം: പരിക്കേറ്റയാൾ മരിച്ചു
text_fieldsഎരുമപ്പെട്ടി (തൃശൂർ): കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ പരിക്കേറ്റയാൾ മരിച്ചു. പാലക്കാട് കാവശ്ശേരി സ്വദേശി മണി എന്ന മണികണ്ഠനാണ് മരിച്ചത്. ഗവ. മെഡിക്കൽ കോളജിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണത്തിന് തീരുമാനിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് കുണ്ടന്നൂരിൽ വെടിമരുന്ന് പുരക്ക് തീ പടർന്ന് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. അപകടത്തില്‍ വെടിക്കെട്ട് പുര പൂർണമായും കത്തി നശിച്ചു. ജോലി സമയം കഴിഞ്ഞതിനാല്‍ മണി ഒഴികെയുള്ള തൊഴിലാളികൾ കുളിക്കാനും മറ്റുമായി പുറത്തായിരുന്നു.
പാടത്തിന് നടുവിലാണ് വെടിക്കെട്ട് പുരയെന്നതിനാലും മറ്റു തൊഴിലാളികളില്ലാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായെന്ന ആശ്വാസത്തിലാണ് നാട്ടുകാർ. കിലോമീറ്ററുകള്‍ അകലേക്ക് വരെ സ്ഫോടനത്തിന്‍റെ പ്രകമ്പനമുണ്ടായിരുന്നു. ഓട്ടുപാറ അത്താണി, കുന്നംകുളം എന്നിവിടങ്ങള്‍ വരെ കുലുക്കമുണ്ടായി. ഫയര്‍ ഫോഴ്സെത്തി ഏറെ നേരം പണിപ്പെട്ടാണ് വെടിക്കെട്ട് പുരയിലെ തീ അണച്ചത്. അപകടത്തിൽ വിശദമായ അന്വേഷണത്തിനാണ് പൊലീസ് തീരുമാനം. വെടിമരുന്ന് ലൈസൻസി ശ്രീനിവാസൻ, സ്ഥല ഉടമ കുണ്ടന്നൂർ സുന്ദരാക്ഷൻ എന്നിവരെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. എക്സ്പ്ലോസീവ് വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തു. അശ്രദ്ധമായി വെട്ടിക്കെട്ട് സാധനങ്ങള്‍ കൈകാര്യം ചെയ്ത് അപകടത്തിന് വഴിവെച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. നിരോധിത വെടിമരുന്നുകള്‍ ഉള്‍പ്പടെയുള്ള മറ്റു നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് വടക്കാഞ്ചേരി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

