ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി
text_fieldsഅശോകൻ
വർക്കല: ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ചെമ്മരുതി മുത്താന അമ്പലത്തുംവിള ലക്ഷംവീട്ടിൽ ലീലയെയാണ് (45) ഭർത്താവ് അശോകൻ (59) തീകൊളുത്തിയത്. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം.
മകൾക്കും ചെറുമകൾക്കുമൊപ്പമാണിവർ താമസിച്ചുവരുന്നത്. രാത്രിയിൽ അശോകനും ലീലയും തമ്മിൽ വഴക്ക് നടന്നിരുന്നുവത്രെ. തുടർന്നാണ് പുലർച്ച
ഉറങ്ങിക്കിടന്ന ലീലയുടെ ശരീരത്തിൽ അശോകൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളിച്ചുകൊണ്ട് വീട്ടിൽനിന്ന് ഇറങ്ങിയോടിയ ലീലയെ മകളും അയൽവാസികളും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 70 ശതമാനത്തോളം പൊള്ളലേറ്റ ലീലയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൂലിപ്പണിക്കാരനായിരുന്ന അശോകന് ഒരു വർഷം മുന്നേ സ്ട്രോക്ക് വന്നതിനെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗം ഭാഗികമായി തളർന്നിരുന്നു. ചികിത്സയിലൂടെ ആരോഗ്യ നില ഭേദപ്പെട്ടെങ്കിലും കാലിന് ബലക്കുറവ് സംഭവിച്ചതിനാൽ ജോലിക്ക് പോകാനാകാത്ത സ്ഥിതിയിലാണ്. ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുബം പുലർത്തുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഭർത്താവിന്റെ മൊഴി. ഇയാൾ കുറ്റം സമ്മതിച്ചതായും അയിരൂർ പൊലീസ് പറഞ്ഞു.

