സാമ്പത്തിക തർക്കം; യുവാവിനെ കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത് . രാകേഷ് (29) ആണ് കൊല്ലപ്പെട്ടത്. കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ രാകേഷ് താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മകൻ ഗോവിന്ദ് ബല്ലഭിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ഇത് കൊലപാതകം തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കിടന്ന കുളത്തിന്റെ തൊട്ടടുത്തുള്ള പഴയ കെട്ടിടത്തിന്റെ മുകളിൽ നിന്നും ഉണ്ടയില്ലാത്ത ഒരു തോക്കും, ചോര കറ തുടച്ചുകളഞ്ഞതിന്റെ പാടുകളും കണ്ടെത്തി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രാകേഷ് സുഹൃത്തും ഇയാളുടെ വീട്ടുടമയുടെ മകനുമായ ഗോവിന്ദിനോടൊപ്പമാണ് അവസാനമായി പോയതെന്ന് കണ്ടെത്തി. സ്വത്തുക്കളുടെയും മറ്റ് സാമ്പത്തിക ഇടപാടുകളുടെയും പേരിൽ ഗോവിന്ദും രാകേഷും തമ്മിൽ നിരന്തരമായി വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.
ഗോവിന്ദിനെ ചോദ്യം ചെയ്തപ്പോൾ ഇവർ തമ്മിലുള്ള വലിയ തോതിലുള്ള സാമ്പത്തിക ഇടപാടിൽ നിന്നുമുണ്ടായ പ്രശ്നത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും അതേത്തുടർന്ന് താൻ രാകേഷിനെ കൊലപ്പെടുത്തിയെന്നും ഗോവിന്ദ് കുറ്റസമ്മതം നടത്തുകയായിരുന്നു.
"ഗോവിന്ദിന് വായ്പകൾ പിടിച്ചുകൊടുക്കുന്ന ഇടനിലക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു രാകേഷ്. 40 ലക്ഷത്തിന്റെ വായ്പ പിടിച്ചുകൊടുക്കാനായി രാകേഷിന് 5 ലക്ഷം രൂപ ഗോവിന്ദ് നൽകി. എന്നാൽ വാക്ക് പാലിക്കാതെ രാകേഷ് പിന്നെയും പണം ആവശ്യപ്പെട്ടതോടെ തർക്കത്തിലെത്തുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. ഗോവിന്ദന്റെ ആഡംബര കാർ അനധികൃതമായി കൈവശപ്പെടുത്തി വിൽക്കാനും രാകേഷ് ശ്രമിച്ചിരുന്നു. എന്നാൽ കാർ ഇപ്പോൾ കാണാനില്ല."-പൊലീസ് പറഞ്ഞു.
തലക്ക് വെടിയേറ്റ രാകേഷ് തൽക്ഷണം തന്നെ മരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കുളത്തിലേക്ക് വലിച്ചെറിയുകയും അന്വേഷണം തന്നിലേക്ക് എത്താതിരിക്കാൻ രാകേഷിന്റെ മൊബൈൽ ഫോൺ അടക്കം തെളിവുകളും ചോരപ്പാടുകളും നശിപ്പിക്കുകയായിരുന്നു.
അതേസമയം രാകേഷിനെ കൊല്ലാൻ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതും കുളത്തിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് ഗോവിന്ദ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സമിതിയെ രൂപീകരിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

