'പൊലീസിൽ പരാതി കൊടുക്ക്' എന്ന് വെല്ലുവിളി; ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച ട്യൂഷൻ അധ്യാപകൻ ഒളിവില്‍
text_fieldsകൊല്ലം: അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച സംഭവത്തിൽ ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയിലെ അധ്യാപകനായ സുഫിയാനെതിരെയാണ് പരാതികൾ ഉയരുന്നത്. ഇന്നലെയാണ് കരുകോൺ റിയാസ്–റെജീന ദമ്പതികളുടെ മകൾ ഏഴാം ക്ലാസ് വിദ്യാർഥിനി റിക്സ്വാനക്ക് മർദനമേറ്റെന്ന പരാതി ലഭിച്ചത്. കുട്ടിയുടെ ഇരുകാലുകളും അടിച്ചു പൊട്ടിച്ചു.
ട്യുഷൻ എടുക്കുന്നതിനിടെ പുസ്തകം വായിക്കാൻ പറഞ്ഞപ്പോൾ ചില വാക്കുകൾ തെറ്റിയതിനെത്തുടർന്നാണ് അതിക്രൂരമായി കുട്ടിയെ അധ്യാപകൻ അടിച്ചത്. വൈകിട്ട് ട്യുഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കരഞ്ഞു കൊണ്ട് മാതാപിതാക്കളോടു വിവരം പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയുടെ കാലുകൾ പരിശോധിച്ചപ്പോഴാണ് ഇരുകാലുകളിലും അടിയേറ്റ പാടുകൾ കണ്ടത്.
തുടർന്ന് അധ്യാപകനെ വിളിച്ചപ്പോൾ ‘പൊലീസിൽ പരാതി കൊടുക്ക്’ എന്നാണ് മറുപടി നൽകിയതെന്ന് വിദ്യാർഥിനിയുടെ കുടുംബം പറഞ്ഞു. സുഫിയാനെതിരെ കുട്ടിയുടെ കുടുംബം മൊഴി നൽകിയതിനെത്തുടർന്ന് അഞ്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിക്കും മർദനമേറ്റതായി പരാതി ലഭിച്ചത്. നിലവിൽ സുഫിയാൻ ഒളിവിലാണ്. അഞ്ചൽ പൊലീസ് ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

