പിതാവ് മൂന്ന് കുരുന്നുകളെ കിണറ്റിലെറിഞ്ഞു കൊന്നു; കണ്ണീരണിഞ്ഞ് കിന്നിഗോളി ഗ്രാമം
text_fieldsകൊല്ലപ്പെട്ട കുട്ടികൾ
മംഗളൂരു: മൂന്ന് കുരുന്നുകളെ പിതാവ് കിണറ്റിലെറിഞ്ഞു കൊന്ന സംഭവത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നഗരത്തോട് ചേർന്ന പത്മന്നൂർ കിന്നിഗോളി ഗ്രാമം. വരുന്ന ചൊവ്വാഴ്ച രണ്ടാമത്തെ മകൻ ഉദയയുടെ പന്ത്രണ്ടാം ജന്മദിനത്തിൽ മുറിക്കാനുള്ള കേക്കൊരുക്കാൻ ബേക്കറിയിൽ ഏർപ്പാട് ചെയ്തിരുന്നു ബീഡിത്തൊഴിലാളിയായ അമ്മ ലക്ഷ്മി. ഉദയന് പുനറൂർ യു.പി സ്കൂളിലേക്കും മൂത്തമകൾ രശ്മിതക്ക് (14) കട്ടീൽ ഹൈസ്കൂളിലേക്കുമുള്ള യൂനിഫോമുകൾ തയ്ച്ചുകിട്ടിയതിന്റെ സന്തോഷത്തിലുമായിരുന്നു ലക്ഷ്മി. ഏറ്റവും ഇളയ ആറു വയസ്സുകാരൻ ദക്ഷ പത്മന്നൂർ അംഗൻവാടി വിദ്യാർഥിയായിരുന്നു.
കുട്ടികളെ പുറത്തെടുക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷ സേനയും നാട്ടുകാരും
കടമെടുത്ത പണം വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്തതിന്റെ കടുത്ത പിരിമുറുക്കത്തിലായിരുന്നു മക്കളെ മരണത്തിലേക്കെറിഞ്ഞ ഹിതേഷെന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ഭാര്യ ലക്ഷ്മി പൊലീസിനോട് പറഞ്ഞു. ഒന്നര ലക്ഷം രൂപ മുടക്കി കട തുടങ്ങാനുള്ള ചെറിയ കെട്ടിടം പണിതെങ്കിലും ലൈസൻസ് ലഭിച്ചില്ല. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ നൽകിയ സ്നേഹവും പരിഗണനയും പിന്നീട് ഹിതേഷിൽ നിന്നുണ്ടായില്ല. മക്കളുടെ വൈകല്യങ്ങളും അലട്ടുന്നുണ്ടായിരുന്നു. ഈയിടെയായി വീട്ടിലും പുറത്തും മൗനിയായിരുന്നു. എങ്കിലും ഇത്ര വലിയ കടുംകൈ കാണിക്കുമെന്ന് കരുതിയില്ലെന്നും ലക്ഷ്മി കണ്ണീരോടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

