ആലപ്പുഴയിൽ അമ്മയുടെ മടിയിലിരുന്ന കുഞ്ഞിനെ മദ്യപൻ തറയിലടിച്ച് കൊന്നു
text_fieldsആലപ്പുഴ: മാവേലിക്കരയിൽ മദ്യലഹരിയിലെത്തിയ പിതാവ് അമ്മയുടെ മടിയിലിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരിയെ പിടിച്ചുവാങ്ങി തറയിലടിച്ച് കൊലപ്പെടുത്തി. ആലപ്പുഴ മാവേലിക്കരക്ക് സമീപം മാങ്ങാംകുഴിയിലാണ് ഞെട്ടിക്കുന്ന സംഭവം. അസം ഗുവാഹത്തി സ്വദേശിയും നിർമാണത്തൊഴിലാളിയുമായ പിതാവ് പാരിതോഷ് മണ്ഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ പാരിതോഷ് ഭാര്യയുടെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി തറയിലേക്ക് എറിയുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടി വീണ് അവശനിലയിലായെന്നായിരുന്നു ആദ്യം കുടുംബം ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ കുട്ടിയുടെ പരിക്കുകളിൽ സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പിതാവ് കുഞ്ഞിനെ പിടിച്ചുവാങ്ങി തറയിലടിച്ചതാണെന്ന് വ്യക്തമായത്. ദമ്പതികൾക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. മൂത്ത കുട്ടിയെയും പിതാവ് ഉപദ്രവിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം കുടുംബപശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്.
നിയമനടപടികൾ പൂർത്തിയാകുന്നതുവരെ കുഞ്ഞിന്റെ മൃതദേഹം മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

