എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീൽ കമ്പി കൊണ്ട് അടിച്ചു; പിതാവ് അറസ്റ്റിൽ
text_fieldsഷിനുമോൻ
അടൂർ: എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ താമരക്കുളം വേടരപ്ലാവ് ഇടവന തെക്ക് പുത്തൻവീട്ടിൽ ഷിനുമോൻ (31) നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബർ ഒന്നിന് രാവിലെയാണ് പരാതിക്ക് ആസ്പദമായ സംഭവം. ഭാര്യയുമായുള്ള വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് കുട്ടിയെ അടിക്കുകയായിരുന്നു. കുട്ടിയുടെ താടിയെല്ലിന് പൊട്ടലേറ്റു. ഇയാളുടെ മർദ്ദനത്തിൽ പരിക്കേറ്റ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സ്ഥിരം പ്രശ്നക്കാരനായ ഷിനുവിനെതിരെ വധശ്രമം, ഗാർഹിക പീഡന നിരോധന നിയമം, ജുവനൈൽ ജസ്റ്റിസ് ആക്റ്റ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി പ്രജീഷ്, സബ് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സുദർശന, ജോൺ.ജി, സീനിയർ വനിതാ സിവിൽ പൊലീസ് ഓഫീസർ ദീപാ കുമാരി എന്നിവരുൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

