ഏരൂരിൽ അച്ഛനെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു
text_fieldsപിടിയിലായ പ്രതികൾ
അഞ്ചൽ: ഉത്സവം കണ്ട് മടങ്ങി വീട്ടിലെത്തിയ വയോധികനെയും മകളെയും മൂന്നംഗ അക്രമിസംഘം വെട്ടി പരിക്കേൽപ്പിച്ചതായി പരാതി. ഏരൂർ മണലിൽ ഊരാളിയഴികം ലക്ഷ്മി വിലാസത്തിൽ വേണുഗോപാലൻ നായർ, മകൾ ആശ വി. നായർ എന്നിവരെയാണ് വെട്ടിയത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വടമൺ ക്ഷേത്രത്തിലെ ഉത്സവം കണ്ട് ഇരുചക്രവാഹനത്തിൽ തിരികെ വീട്ടിലെത്തിയ വേണുഗോപാലൻ നായരെ ഇരുട്ടിൽ മറഞ്ഞിരുന്ന് അക്രമികൾ അസഭ്യം പറയുകയും മാരകായുധം കൊണ്ട് തലയിൽ വെട്ടുകയും ഇരുചക്ര വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു. ബഹളം കേട്ട് വീട്ടിൽ നിന്ന് ഇറങ്ങിവന്ന മകൾ ആശയെയും അക്രമികൾ വലതുകൈയിൽ വെട്ടുകയും കാലിൽ അടിച്ച് പരിക്കേൽപിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ ഇരുവരെയും പരിസരവാസികൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനെട്ടോളം തുന്നലുകളുണ്ട് വേണുഗോപാലൻ നായർക്ക്. പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ഡ്യൂട്ടി ഡോക്ടർ തയാറായില്ലെന്ന് വേണുഗോപാലൻ നായരും മകളും പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ആയിരനല്ലൂർ സുനിൽ വിലാസത്തിൽ സുനിൽ (ശങ്കു -39), അനീഷ് ഭവനിൽ അനീഷ് (39) എന്നിവരെ ഏരൂർ െപാലീസ് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തുന്നതിന് ഇവരോടൊപ്പമുണ്ടായിരുന്ന പതിനേഴുകാരനെതിരെയും പൊലീസ് കേസെടുത്തു.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ആശയെ മദ്യപിച്ചെത്തിയ സുനിൽ തെറിവിളിക്കുകയും നഗ്നതപ്രദർശനം നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ആശയും പിതാവും ചേർന്ന് ഏരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള വിരോധമാണ് ഇപ്പോൾ ഉപദ്രവിക്കാനുണ്ടായ കാരണമെന്നും അന്നു നൽകിയ പരാതിയിൽ പൊലീസ് വേണ്ട നടപടിയെടുക്കാതിരുന്നതിനാലാണ് തങ്ങൾ ആക്രമിക്കപ്പെട്ടതെന്നും വേണുഗോപാലൻ നായരും മകളും പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

