നാടിന്റെ തേങ്ങലായി അമ്മയുടെ വിലാപം ''പൊന്നുമക്കളേ, നിങ്ങൾ രണ്ടുപേരും പോകുവാണോ''
text_fieldsഗോവയിൽ കാറപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക്
അന്ത്യോപചാരമർപ്പിക്കാൻ എത്തിയ വൻ ജനാവലി
ആറാട്ടുപുഴ: ''പൊന്നുമക്കളേ, നിങ്ങൾ രണ്ടുപേരും പോകുവാണോ'' എന്ന നെഞ്ചുപൊട്ടിയുള്ള അമ്മയുടെ വിലാപം നാടിന്റെ മൊത്തം തേങ്ങലായി. ഗോവയിൽ വ്യാഴാഴ്ച കാറപകടത്തിൽ മരിച്ച സഹോദരങ്ങളായ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു (27), കണ്ണൻ (24) എന്നിവരുടെ സംസ്കാര ചടങ്ങാണ് നാടിനെ കരയിച്ചത്. തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് മൃതദേഹങ്ങൾ എത്തിച്ചത്. നേവി ഉദ്യോഗസ്ഥനായ വിഷ്ണുവിന്റെ മൃതശരീരം ദേശീയ പതാക പുതപ്പിച്ച പ്രത്യേക പെട്ടിയിൽ അടക്കം ചെയ്താണ് എത്തിച്ചത്.
നിർമാണത്തിലിരിക്കുന്ന വീടിന്റെ സമീപമാണ് പൊതുദർശനത്തിനുവെച്ചത്. പിന്നീട്, ഇപ്പോൾ താമസിക്കുന്ന വീടിനുമുന്നിൽ ചടങ്ങുകൾക്കായി മൃതദേഹം എത്തിച്ചു. വീട്ടുമുറ്റത്താണ് ഇരുവർക്കും ചിതയൊരുക്കിയത്. മക്കൾ മരണപ്പെട്ട വിവരം ഞായറാഴ്ചയാണ് മാതാപിതാക്കളായ പൊടിയനെയും തങ്കച്ചിയെയും അറിയിച്ചത്.
ചെറിയൊരു അപകടമുണ്ടായെന്ന് പറഞ്ഞപ്പോൾതന്നെ തകർന്നുപോയ ഇവരോട് രണ്ട് മക്കളും മരണപ്പെട്ടെന്ന് പറയാനുള്ള ധൈര്യം ആർക്കുമില്ലായിരുന്നു. മക്കളെ അവസാനമായി കാണിക്കാൻ ബന്ധുക്കൾ താങ്ങിയെടുത്താണ് തങ്കച്ചിയെ കൊണ്ടുവന്നത്. ''പൊന്നുമക്കളേ...'' എന്ന അമ്മയുടെ നിലവിളി കൂട്ടക്കരച്ചിലായി മാറി. വിഷ്ണുവിന്റെ മൃതദേഹത്തിനരികിൽ എത്തിച്ചപ്പോഴേക്കും തങ്കച്ചി ബോധരഹിതയായി. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പിതാവ് പൊടിയന്റെ സങ്കടവും കണ്ണീർ പൊടിയാതെ ആർക്കും കണ്ടുനിൽക്കാനായില്ല. ചിതയിലേക്ക് വെച്ച ശേഷമാണ് ആശുപത്രിയിൽനിന്ന് എത്തിച്ച് തങ്കച്ചിയെ മക്കളുടെ മൃതദേഹങ്ങൾ കാണിച്ചത്.
കൊച്ചിയിൽനിന്ന് എത്തിയ നേവിസംഘം ഔദ്യോഗിക ബഹുമതികൾ നൽകിയാണ് വിഷ്ണുവിനെ യാത്രയാക്കിയത്. ഗോവ നേവൽ എയർബേസിലും സഹപ്രവർത്തകർ വിഷ്ണുവിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു.
ഉച്ചക്ക് 12.30ഓടെ പിതൃസഹോദരൻ സജീവന്റെ മകൻ ശ്രീക്കുട്ടനും മറ്റൊരു പിതൃസഹോദരൻ വാമദേവന്റെ ചെറുമകൻ വരുണും ചേർന്നാണ് ചിതക്ക് തീ കൊളുത്തിയത്. ഇവരോടൊപ്പം അപകടത്തിൽ മരിച്ച വലിയഴീക്കൽ അയ്യത്തുവീട്ടിൽ നിധിൻദാസിന്റെ (24) സംസ്കാരം ഞായറാഴ്ച നടന്നിരുന്നു. തറയിൽക്കടവ് തെക്കടത്ത് വീട്ടിൽ അഖിൽ (24), വലിയഴീക്കൽ പുത്തൻപറമ്പിൽ വിനോദ് (24) എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.