കുപ്രസിദ്ധ മോഷ്ടാവ് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടിയിൽ
text_fieldsമണികണ്ഠൻ
എടപ്പാൾ: വീടിനകത്ത് കയറി മോഷണം നടത്തി രക്ഷപ്പെടുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഷൊർണൂർ കയിലിയാട് സ്വദേശി ചീരൻകുഴി മണികണ്ഠൻ (49) ആണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ച 5.30ഓടെയാണ് സംഭവം. കാലടി വാരിയത്ത് ബാബുവിെൻറ വീട്ടിലാണ് മോഷണം നടത്തിയത്.
ബാബുവിെൻറ ഭാര്യ പുറത്തെ ബാത്റൂമിൽ പോയ സമയത്ത് മോഷ്ടാവ് വീടിന് അകത്ത് കയറിപ്പറ്റി. തുടർന്ന് മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ബാബുവിെൻറ മാതാവ് വിലാസിനിയുടെ മാലയും മൊബൈൽ ഫോണും ബാഗും കവർന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ബാബു നാട്ടുകാരോട് വിവരമറിയിച്ചതിനെ തുടർന്ന് റോഡിലൂടെ നടന്നുപോകുകയായിരുന്നു മോഷ്ടാവിനെ പിടികൂടുകയായിരുന്നു. പൊട്ടിയ സ്വർണമാല, പഴ്സുകൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
വിയൂർ ജയിലിൽനിന്ന് മോഷണത്തിന് തടവുശിക്ഷ കഴിഞ്ഞ് മണികണ്ഠൻ പുറത്തിറങ്ങിയിട്ട് മൂന്ന് ദിവസമേ ആയുള്ളൂ. ഇയാളുടെ പേരിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 10ലധികം കേസുകളുണ്ട്. പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂർ, എസ്.സി.പി.ഒ ശ്രീകുമാർ, സി.പി.ഒ അഭിലാഷ്, ഡ്രൈവർ സമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.