കുടുംബ വഴക്ക്; ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചയാൾ പിടിയില്‍
text_fieldsലോകേശ്വരൻ
കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. പരിക്കേറ്റ് കുളത്തൂപ്പുഴ സിലോണ്‍മുക്ക് പുത്തന്‍ ബംഗ്ലാവില്‍ ലിസി(41)യെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്നാണ് ഭര്‍ത്താവ് ലോകേശ്വരനെ (52) കുളത്തൂപ്പുഴ പൊലീസ് പിടികൂടിയത്.
കുടുംബവഴക്കിനെ തുടര്‍ന്ന് ഏറെനാളുകളായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു. കഴിഞ്ഞദിവസം കുടുംബ കോടതിയില്‍ നടന്ന വിസ്താരത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ലിസി ഭക്ഷണം കഴിച്ച് ഉറങ്ങാനായി മുറിയിലേക്ക് പോയതിന് പിന്നാലെ വീട്ടിലെത്തിയ ലോകേശ്വരന്‍ ലിസിയുടെ കഴുത്തിനും തലക്കും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപിച്ച ശേഷം മുറി പുറത്തുനിന്ന് പൂട്ടി.
ആക്രമണത്തെ തുടര്‍ന്ന് ബോധരഹിതയായ ലിസി ഏറെനേരത്തിനുശേഷം ബോധം തിരികെ കിട്ടിയപ്പോള്‍ ബഹളം വെക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയല്‍വാസിയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി ലിസിയെ കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കഴുത്തിലും തലക്കും കൈവിരലുകള്ക്കുമുണ്ടായ മുറിവ് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

