വ്യാജ ട്രേഡിങ് വാഗ്‌ദാനം; വയനാട് സ്വദേശിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsഎസ്.വി. ഗാർഡൻ വിഗ്നേഷ്
കൽപറ്റ: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന വ്യാജ വാഗ്‌ദാനം ചെയ്ത് കുപ്പാടി, മൂന്നാം മൈൽ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട്, പൊള്ളാച്ചി, മക്കിനംപട്ടി, എസ്.വി. ഗാർഡൻ വിഗ്നേഷ്(29)നെയാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫും സംഘവും പൊള്ളാച്ചിയിൽ നിന്നും പിടികൂടിയത്.
മൂന്നാം മൈൽ സ്വദേശിയെ വാട്‌സ്ആപ് വഴി ബന്ധപ്പെട്ട് ഓൺ ലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് 2024 ഡിസംബർ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിലാണ് 31,48,000 രൂപ തട്ടിയെടുത്തത്. ഇവർ വ്യാജ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോം നിർമിച്ചാണ് തട്ടിപ്പ് നടത്തിയത്. ട്രേഡിങ് നടത്താനാണെന്ന വ്യാജേന നൽകിയ ബാങ്ക് അക്കൗണ്ടുകളിൽ പല തവണകളിലായി ഇൻവെസ്റ്റ് ചെയ്യിപ്പിച്ച് ലാഭമോ മുതലോ നൽകാതെ കബളിപ്പിക്കുകയായിരുന്നു.
തട്ടിപ്പ് ബോധ്യപ്പെട്ട് മൂന്നാം മൈൽ സ്വദേശി നൽകിയ പരാതി പ്രകാരം പൊലീസ് കൃത്യമായ അന്വേഷണം നടത്തുകയും പ്രതിയെ മനസ്സിലാക്കി ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച് അതി വിദഗ്ധമായി വലയിലാക്കുകയുമായിരുന്നു. പ്രതി ഉപയോഗിച്ച അക്കൗണ്ടിനെതിരെ 14 സംസ്ഥാനങ്ങളിലായി 29 ഓളം എൻ.സി.ആർ.പി റിപ്പോർട്ടുകൾ ഉണ്ടെന്നും ഒരു മാസത്തിനകം മേൽ അക്കൗണ്ടിലേക്ക് മൂന്നേ കാൽ കോടിയോളം രൂപ വന്നതായും അന്വേഷണ സംഘം കണ്ടെത്തി.
സബ് ഇൻസ്‌പെക്ടർ എ.വി. ജലീൽ, സീനിയർ സി.പി.ഒ വി.കെ. ശശി, സിവിൽ പൊലീസ് ഓഫിസർമാരായ പി. അരുൺ, എൽ.എ. ലിൻരാജ്, കെ.എ. ഷൈജൽ, മുഹമ്മദ് അനീസ്, മുസ്ലിഹ്, പി.പി. പ്രവീൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

