തീക്കട്ടയിലും ഉറുമ്പരിക്കുന്നോ? മുംബൈയിൽ വ്യാജ ആണവ ശാസ്ത്രജ്ഞൻ പിടിയിൽ, രേഖകളും മാപ്പുകളും കണ്ടെടുത്തതായി പൊലീസ്
text_fieldsമുംബൈ: ബാബ ആറ്റോമിക് റിസർച്ച് സെൻററിലെ (ബി.എ.ആർ.സി) ശാസ്ത്രജ്ഞനെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡുകളുമായി നടന്നയാൾ പിടിയിൽ. ഇയാളിൽ നിന്ന് 14 മാപ്പുകളും അനുബന്ധ രേഖകളും കണ്ടെത്തിയതായി മുംബൈ പൊലീസ് അറിയിച്ചു. ഇവയുടെ ആധികാരികത സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
അഖ്തർ ഖുത്തബുദ്ദീൻ ഹുസൈനി എന്നയാളാണ് പിടിയിലായത്. ഇയാളിൽ നിന്ന് ബി.എ.ആർ.സിയുടേതെന്ന പേരിൽ ഒന്നിലധികം തിരിച്ചറിയൽ കാർഡുകളും വ്യാജ പാസ്പോർട്ടുകളും ആധാർ, പാൻ കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ബി.എ.ആർ.സിയുടെ വ്യാജ തിരിച്ചറിയൽ കാർഡുകളിൽ ഒന്നിൽ അലി റാസ ഹുസൈൻ എന്നാണ് ഇയാളുടെ പേര്. മറ്റൊന്നിൽ അലക്സാണ്ടർ പാമർ എന്നും പേര് നൽകിയിട്ടുണ്ട്. ഇയാൾക്ക് സ്ഥാപനത്തിനുള്ളിൽ കടക്കാനായോ എന്നതടക്കം വിശദാംശങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ നിരവധി അന്താരാഷ്ട്ര ഫോൺകോളുകൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. ആണവ വിവരങ്ങളുമായി ബന്ധപ്പെട്ട് വിദേശ ശൃംഘലകളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അറസ്റ്റിലായ അഖ്തർ ഖുത്തബുദ്ദീൻ ഹുസൈനി മുമ്പും ആൾമാറാട്ടം നടത്തി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. 2004ൽ രഹസ്യ രേഖകൾ കൈവശമുള്ള ശാസ്ത്രജ്ഞൻ എന്ന അവകാശവാദമുന്നയിച്ച് കറങ്ങിയതായി കണ്ടെത്തിയതിന് പിന്നാലെ ഇയാളെ യു.എ.ഇ നാടുകടത്തിയിരുന്നു. എന്നാൽ, തുടർന്നും ഇയാൾ വ്യാജ പാർസ്പോർട്ടുകൾ ഉപയോഗിച്ച് ദുബൈയിലേക്ക് മടങ്ങിയെത്തിയതായും ടെഹ്റാനടക്കം സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പഴയ ഒരുവിലാസവും വ്യാജ പാസ്പോർട്ടുകളും
ജംഷഡ്പൂർ സ്വദേശിയായ അഖ്തർ ഖുത്തബുദ്ദീൻ ഹുസൈനി 1996ൽ പൂർവിക സ്വത്തായി ലഭിച്ച വീട് വിറ്റിരുന്നു. എന്നാൽ, മേഖലയിലെ പഴയ പരിചയം സമർഥമായി ഉപയോഗപ്പെടുത്തി ഇയാൾ ഇതേ അഡ്രസിൽ വ്യാജ രേഖകൾ തയ്യാറാക്കുന്നത് തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സഹോദരൻ ആദിൽ വഴിയാണ് അഖ്തർ ഝാർഗണ്ഡ് സ്വദേശിയായ മുനസ്സീൽ ഖാനെ പരിചയപ്പെടുന്നത്. ഇയാൾ വഴിയാണ് രണ്ട് വ്യാജ പാസ്പോർട്ടുകൾ ഇവർ സംഘടിപ്പിച്ചതെന്നാണ് അധികൃതർ കരുതുന്നത്. ഹുസൈനി മുഹമ്മദ് ആദിൽ, നസിമുദ്ദീൻ സൈദ് ആദിൽ ഹുസൈനി എന്നീ പേരുകളിലായിരുന്നു ഈ പാസ്പോർട്ടുകൾ. 30 വർഷം മുമ്പ് വിറ്റ വീടിന്റെ അതേ അഡ്രസിലായിരുന്നു ഇവ തയ്യാറാക്കിയിരുന്നത്.
സഹോദരങ്ങൾ ഇരുവരും വ്യാജ പാസ്പോർട്ടുകൾ ഉപയോഗിച്ച് നിരവധി തവണ വിദേശരാജ്യങ്ങൾ സന്ദർശിച്ചതായാണ് വിവരം. ആദിൽ ഹുസൈനി അടുത്തിടെ ഡൽഹി പൊലീസിന്റെ വലയിലായിരുന്നു. എന്നാൽ, ചോദ്യം ചെയ്യുന്ന സമയത്ത് തന്റെ സഹോദരൻ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടുവെന്നായിരുന്നു അഖ്തർ ഖുത്തബുദ്ദീൻ ഹുസൈനിയുടെ മൊഴി.
അതേസമയം, അഖ്തർ ഖുത്തബുദ്ദീൻ ഹുസൈനിക്ക് വ്യാജ സ്കൂൾ കോളജ് സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ച് നൽകിയത് മുനസ്സിൽ ഖാന്റെ സഹോദരനായ ഇല്യാസ് ഖാനാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് അന്വേഷണം വ്യാപകമാക്കിയതായും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

