കള്ളനോട്ട് അന്വേഷണം; ഇതര സംസ്ഥാനങ്ങളിലേക്ക്
text_fieldsഗോവിന്ദാപുരത്ത് പിടികൂടിയ കള്ളനോട്ട്. ഇൻസെറ്റിൽ പ്രതി മഹേന്ദർ പുരി
കൊല്ലങ്കോട്: ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ രാജസ്ഥാൻ സ്വദേശിയിൽനിന്ന് 26,500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നു. രാജസ്ഥാൻ ബാർഡ്മർ ജില്ലയിൽ ഗുഡമലാനിയിൽ മഹേന്ദർ പുരിയാണ് (22) 500 രൂപയുടെ 53 കള്ളനോട്ടുകളുമായി പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ എ.ബി. പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പൊള്ളാച്ചി-തൃശൂർ റൂട്ടിലോടുന്ന സ്വകാര്യബസിൽ ലഹരി കടത്ത് പരിശോധനയിലാണ് വ്യാജനോട്ടുമായി ഇയാൾ പിടിയിലായത്. പ്രിവന്റിവ് ഓഫിസർമാരായ ടി.പി. മണികണ്ഠൻ, പി. ഗുരുവായൂരപ്പൻ, സി.ഇ.ഒമാരായ എ. അബ്ദുൽ ബാസിത്, എസ്. അജോയ്, പി. ശരവണൻ, എ.കെ. അരുൺകുമാർ, എസ്. പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.