110 ലീറ്റർ വ്യാജ ചാരായം പിടികൂടി; അന്വേഷണം ഊർജിതമാക്കി എക്സൈസ്
text_fieldsതാമരശ്ശേരി: താമരശ്ശേരി, ഈങ്ങാപ്പുഴക്ക് സമീപം ചമൽ ദേശത്ത് കാട്ടുചോലക്ക് സമീപം ഒളിപ്പിച്ച നിലയിൽ 110 ലീറ്റർ വ്യാജ ചാരായം എക്സൈസ് പിടികൂടി. ഉടമസ്ഥരില്ലാത്ത നിലയിലായിരുന്നു ചാരായം കണ്ടെടുത്തത്. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഡി.സി സ്‌ക്വാഡും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ രാത്രികാല പരിശോധനയിലാണ് വ്യാജ ചാരായം പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി 10 മണിക്ക് ശേഷമായിരുന്നു റെയ്ഡ്.താമരശ്ശേരി താലൂക്കിൽ ഉൾപ്പെടുന്ന ഈങ്ങാപ്പുഴ വില്ലേജിലെ ചമൽ വേനക്കാവ് റോഡ് പരിസരത്തുനിന്ന് രണ്ട് കിലോമീറ്റർ മാറി കോളമല ഭാഗത്തേക്ക് പോകുന്ന റോഡരികിലെ നീർച്ചാലിന് സമീപം വിതരണത്തിനായി തയാറാക്കിയ നിലയിലാണ് വ്യാജ ചാരായ ശേഖരം കണ്ടെത്തിയത്. നീർച്ചാലിന് സമീപം വിതരണത്തിനായി 500 മില്ലിലീറ്റർ കൊള്ളുന്ന 220 പ്ലാസ്റ്റിക് കുപ്പികളിലായാണ് 110 ലീറ്റർ ചാരായം സൂക്ഷിച്ചിരുന്നത്.
അബ്കാരി ആക്ട് പ്രകാരം താമരശ്ശേരി എക്സൈസ് റേഞ്ച് ഓഫിസ് കേസ് രജിസ്റ്റർ ചെയ്തു. ചാരായം കടത്താൻ ശ്രമിച്ച പ്രതികളെയും ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യാജവാറ്റ് സംഘത്തെയും കണ്ടെത്തുന്നതിന് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മേഖലയിൽ വ്യാജവാറ്റ് തടയുന്നതിനായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
അതേസമയം, ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നൂൽപുഴ മൂക്കുത്തികുന്ന് ഭാഗത്ത് വയനാട് എക്സൈസ് ഇന്റലിജൻസും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ സംഘവും നടത്തിയ പരിശോധനയിൽ പാലത്തിന്റെ ഗർഡറുകൾക്കിടയിൽ സൂക്ഷിച്ചുവെച്ച 210 ലിറ്റർ വാഷ് പിടികൂടി. വാഷ് സൂക്ഷിച്ചുവെച്ച ആളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതായി എക്സൈസ് അറിയിച്ചു.
വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ പി.എസ്. സുമേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം. സൈമൺ, സി.വി. ഹരിദാസ്, സുരേഷ് വെങ്ങാലിക്കുന്നേൽ, പ്രിവന്റിവ് ഓഫിസർമാരായ പി. കൃഷ്ണൻകുട്ടി, കെ.വി. പ്രകാശൻ, എ.എസ്. അനീഷ്, പി.ആർ. വിനോദ്, സിവിൽ എക്സൈസ് ഓഫിസർ റാഷിദ്, ഡ്രൈവർ അബ്ദുൽ റഹീം എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

