ഐ.ബി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ, ലോഹം എന്ന സിനിമ കണ്ട് ആകൃഷ്ടനായെന്ന്
text_fieldsമുഹമ്മദ് ഷിബിലി
കോഴിക്കോട്: കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. വടക്കാങ്ങര അറക്കൽ വീട്ടിൽ മുഹമ്മദ് ഷിബിലിയെയാണ് (28) നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് ഐ.ബി, റോ, എൻ.ഐ.എ എന്നിവയുടെ ഓഫിസറാണെന്നും കേസിന്റെ അന്വേഷണത്തിനെത്തിയ താൻ കുറച്ചുകാലം ഇവിടെയുണ്ടാകുമെന്നും പറഞ്ഞ് ദിവസങ്ങളോളം താമസിച്ച് പണം കൊടുക്കാതെ കടന്നുകളയുന്നതാണ് ഇയാളുടെ രീതി.
പത്രങ്ങളിലെ മാട്രിമോണിയൽ പരസ്യങ്ങളിൽ വരുന്ന പുനർ വിവാഹത്തിനുള്ള സ്ത്രീകളുടെ ഫോൺ നമ്പറിൽ വിളിച്ച് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തിട്ടുമുണ്ട്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകി ചുരുങ്ങിയ ചെലവിൽ ആന്ധ്രാപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് ഗ്രാനൈറ്റ്, മാർബിൾ എന്നിവ ഇറക്കിത്തരാം എന്നുപറഞ്ഞ് നിരവധിപേരിൽനിന്ന് പണം തട്ടിയെന്നും വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ ഫോട്ടോ പതിച്ച ഐ.ബിയുടെ വ്യാജ ഐ.ഡി കാർഡും നിരവധി കേസുകളുടെ ഓൺലൈൻ എഫ്.ഐ.ആർ കോപ്പികളും മറ്റുരേഖകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. മോഹൻലാൽ അഭിനയിച്ച ലോഹം എന്ന സിനിമ കണ്ട് ആകൃഷ്ടനായാണ് ഈ രീതിയിലുള്ള തട്ടിപ്പ് തുടങ്ങിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയ ഇയാളെ നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ എൻ. ലീല, പി. രമേശൻ, എ.എസ്.ഐ ശശികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.വി. ശ്രീകാന്ത്, കെ. രാജേഷ്, ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

