അന്തർ സംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടർ പിടിയിൽ
text_fieldsസബീർ ഇസ്ലാം
പെരുമ്പാവൂർ: അന്തർ സംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടർ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സബീർ ഇസ്ലാമാണ് (34) പെരുമ്പാവൂർ പൊലീസിെൻറ പിടിയിലായത്. മാറമ്പള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും. നിരവധി അന്തർ സംസ്ഥാന തൊഴിലാളികളാണ് ചികിത്സ തേടിയെത്തിയിരുന്നത്.
ഇൻജക്ഷൻ, ഡ്രിപ് എന്നിവ ഇയാൾ നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയിൽനിന്ന് 1000 രൂപ ഫീസ് വാങ്ങിയ ശേഷം ഗുളിക കൊടുക്കുകയും ഡ്രിപ് ഇടുകയും ചെയ്തു.
തുടർന്ന് യുവതി ബോധരഹിതയായി. ഇതേതുടർന്നാണ് അന്വേഷണമുണ്ടായത്. ഇങ്ങനെയൊരാൾ ചികിത്സ നടത്തുെന്നന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
സ്റ്റെതസ്കോപ്, സിറിഞ്ച്, ഗുളികകൾ, ബി.പി അപ്പാരറ്റസ് എന്നിവ ഇയാളിൽനിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ രഞ്ജിത്, എസ്.ഐമാരായ റിൻസ് എം. തോമസ്, ബെർട്ടിൻ തോമസ്, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ സലീം, ബാബു കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.