പൊലീസെന്ന് പറഞ്ഞ് യാത്രക്കാരിൽനിന്ന് പണം തട്ടും, നൽകിയില്ലെങ്കിൽ ട്രാക്കിലേക്ക് തള്ളിയിടും; ട്രെയിനിലെ സീരിയൽ കില്ലർ പിടിയിൽ
text_fieldsപട്‌ന: പൊലീസുകാരനെന്ന വ്യാജേന ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും അപായപ്പെടുത്തുകയും ചെയ്യുന്ന യുവാവ് പിടിയിൽ. 21കാരനെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊന്ന കേസിലാണ് 25കാരനായ രോഹിത് തിവാരി അറസ്റ്റിലായത്. ബിഹാറിലെ ഭോജ്പുർ സ്വദേശിയാണ് ഇയാൾ.
ഹൈദരാബാദിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൈശാലി സ്വദേശി നിതിൻ കുമാറാണ് മരിച്ചത്. റെയിൽവേയിലെ ഭിന്നശേഷിക്കാർക്കായുള്ള കോച്ചുകളിൽ കയറി സ്വയം ആർ.പി.എഫ്, എസ്.ടി.എഫ് അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി പണം തട്ടലായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു. ടിക്കറ്റ് ഇല്ലാത്തതിനും ട്രെയിനിൽ പുകവലിച്ചതിനും പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് യാത്രക്കാരിൽനിന്ന് പണം വാങ്ങിയിരുന്നത്. പണം നൽകാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സെപ്റ്റംബർ 19ന് ഹൈദരാബാദിൽനിന്ന് ഡാനാപുരിലേക്ക് പോകുന്ന പ്രത്യേക ട്രെയിനിലാണ് നിതിൻ യാത്ര ചെയ്തത്. സെപ്റ്റംബർ 20ന് രാത്രി പത്തുമണിയോടെ കുടുംബത്തെ വിളിച്ച് ട്രെയിനിൽ പുകവലിച്ചതിന് ചിലർ തന്നെ പിടികൂടിയെന്നും ബക്സർ ഭാഗത്ത് ട്രെയിനിൽനിന്ന് ഇറക്കിയെന്നും നിതിൻ പറഞ്ഞതായി പൊലീസ് അറിയിച്ചു. തുടർന്ന് നിതിന്റെ ഫോണിൽനിന്ന് കുടുംബത്തിന് വിളിയെത്തി. മോചിപ്പിക്കാനായി ആദ്യം 10000 രൂപയും പിന്നീട് 20000 രൂപയും ആവശ്യപ്പെട്ടു. കുടുംബം ആദ്യം 5000 രൂപ നിതിന്റെ അക്കൗണ്ടിലേക്ക് കൈമാറിയെങ്കിലും പിന്നീട് മകനെ നേരിട്ട് സംസാരിക്കാൻ സാധിക്കാതെ വന്നതോടെ സംശയം തോന്നുകയായിരുന്നു. തുടർന്ന് കുടുംബം ബക്സർ റെയിൽവേ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ ഡാനാപുര്‍ റെയിൽവേ ഡി.എസ്.പി കാഞ്ചൻ രാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ബക്സറിനും വാരാണസിക്കുമിടയിലെ മൊഹൻസാരായ് മേഖലയിൽനിന്നാണ് രോഹിത് തിവാരിയെ അറസ്റ്റ് ചെയ്തത്.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആരാ ജഗ്ജീവൻ ഹാൾട്ട് റെയിൽവേ പാതക്ക് സമീപത്തുനിന്ന് നിതിന്റെ മൃതദേഹം കണ്ടെത്തി. പിതാവ് മുകേഷ് റായ് മൃതദേഹം തിരിച്ചറിഞ്ഞു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് നിതിനെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തതായി പൊലീസ് പറഞ്ഞു. നിതിന്റെ മൃതദേഹം കൈകാലുകൾ കയർകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു.
രോഹിത് തിവാരിക്കെതിരെ സമാനമായ കേസുകൾ നേരത്തേയും രജിസ്റ്റർ ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. സെപ്റ്റംബർ ഒമ്പതിന് സമാന രീതിയിൽ രണ്ട് യാത്രക്കാരെ ലക്ഷ്യമിട്ട സംഭവത്തിലും ഇയാൾക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ബിഹ്തക്കും ദനാപുർ റെയിൽവേ സ്റ്റേഷനുകൾക്കുമിടയിലെ ട്രാക്കിൽനിന്നാണ് രോഹിത് കൊലപ്പെടുത്തിയ കൈലാഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
2024ലും ഓടുന്ന ട്രെയിനിൽനിന്ന് രണ്ട് യാത്രക്കാരെ തള്ളിയ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നുവെന്നും ഇരുവരും രക്ഷപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. ഏകദേശം 25 മാസം ജയിലിൽ കഴിഞ്ഞ ശേഷം രണ്ട് മാസം മുമ്പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

