വ്യാജ സർട്ടിഫിക്കറ്റ്: അറസ്റ്റിലായവരുടെ കുടുംബങ്ങളിൽനിന്ന് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
പൊന്നാനി: പൊന്നാനിയിലെ വ്യാജ സർട്ടിഫിക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ കുടുംബങ്ങളിൽനിന്ന് പണം തട്ടിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഇർഷാദിനെയും രാഹുലിനെയും കേസിൽനിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് പണം തട്ടിയ തിരൂർ തൃപ്രങ്ങോട് സ്വദേശി മാരാംകുളമ്പിൽ ഹൗസിൽ നവാസ് (38), കാരത്തൂർ സ്വദേശി ചിറക്കപ്പറമ്പ് കമറുദ്ദീൻ (42) എന്നിവരാണ് അറസ്റ്റിലായത്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ ഇർഷാദിന്റെയും രാഹുലിന്റെയും കുടുംബാംഗങ്ങളെ നവാസ്, കമറുദ്ദീൻ എന്നിവർ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്നാണ് പരാതി.
പൊലീസുകാരുമായി ബന്ധമുണ്ടെന്നും 25 ലക്ഷം രൂപ തന്നാൽ ഇവരെ കേസിൽ നിന്നും രക്ഷിക്കാമെന്നും ഇവർ കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച ഇർഷാദിന്റെയും രാഹുലിന്റെയും കുടുംബാംഗങ്ങൾ സ്വർണാഭരണങ്ങൾ പണയം വെച്ച് 25 ലക്ഷം രൂപ നൽകി. കേസിൽ ഉൾപ്പെട്ടവർക്ക് ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ഇവർ കുടുംബാംഗങ്ങളെ വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു. ഇവരെ സഹായിച്ചിരുന്ന ബാബു എന്ന ഷാജിത്ത് നിലവിൽ മറ്റൊരു കേസിൽ റിമാൻഡിലാണ്.
ഇവരെ വിശ്വസിപ്പിക്കാൻ ഡിവൈ.എസ്.പിയാണെന്ന് പറഞ്ഞ് വോയ്സ് മെസേജുകൾ അയച്ചതായും പൊലീസ് കണ്ടെത്തി. സി.ഐ അഷറഫിന്റെ നേതൃത്വത്തിൽ എസ്.ഐ ബിബിൻ, സിവിൽ പൊലീസ് ഓഫിസർമാരായ കൃപേഷ്, ശ്രീരാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

