299 രൂപക്ക് ചുരിദാർ എന്ന് ഫേസ്ബുക്ക് പരസ്യം; ഓർഡർ ചെയ്ത യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം
text_fieldsമുംബൈ: സമൂഹമാധ്യമത്തിലെ ആകർഷകമായ പരസ്യങ്ങളിൽ ആകൃഷ്ടരായി ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർ ജാഗ്രതൈ.. ഫേസ്ബുക്ക് പരസ്യംവഴി 299 രൂപയ്ക്ക് വസ്ത്രം വാങ്ങാൻ ശ്രമിച്ച നഴ്സിന് നഷ്ടമായത് ഒരു ലക്ഷം രൂപ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ മുംബൈ ദിയോണർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫേസ്ബുക്കിൽ കണ്ട ആകർഷകമായ വസ്ത്രത്തിന്റെ പരസ്യം കണ്ടാണ് നഴ്സ് അത് പർച്ചേസ് ചെയ്യാൻ തീരുമാനിച്ചത്. കേവലം 299 രൂപയ്ക്ക് വസ്ത്രം നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് ഓർഡർ നൽകിയ നഴ്സിനെ വാട്സ്ആപ് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ വലയിലാക്കിയത്.
വസ്ത്രത്തിന്റെ വിലയ്ക്ക് പുറമെ ഷിപ്പിങ് ചാർജ്, ജി.പി.എസ് ചാർജ്, ട്രാക്കിങ് ഫീ തുടങ്ങിയ വിവിധ പേരുകൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു. പണമയച്ചാൽ അത് പിന്നീട് റീഫണ്ട് ചെയ്യുമെന്നും ഓർഡർ ഉടൻ കൈപ്പറ്റാമെന്നും പറഞ്ഞ് തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചു.
ഏപ്രിൽ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങൾക്കിടയിൽ പല ഘട്ടങ്ങളിലായാണ് ഒരു ലക്ഷം രൂപ യുവതിയിൽ നിന്ന് തട്ടിയത്. തുടർച്ചയായി പണം നൽകിയിട്ടും ഓർഡർ ലഭിക്കാതെ വരികയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് താൻ ചതിക്കപ്പെട്ട വിവരം യുവതി തിരിച്ചറിഞ്ഞത്. ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കുകയും തുടർന്ന് ദിയോണർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
ഫേസ്ബുക്ക് പരസ്യം, വാട്സ്ആപ് നമ്പർ, വ്യാജ ഡെലിവറി ഏജന്റ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇത്തരം വ്യാജ സൈറ്റുകളെയും വാഗ്ദാനങ്ങളെയും കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

