ജോലിക്കിടെ ലഹരി വിൽപന; പ്രവാസി ഡ്രൈവർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കുവൈത്ത് സിറ്റി: അർദിയയിൽ ക്രിസ്റ്റൽ മെത്ത് വിറ്റതിന് ശ്രീലങ്കക്കാരനായ ഒരു ഗാർഹിക ഡ്രൈവറെ അറസ്റ്റ് ചെയ്തു. വാഹനം ഓടിക്കുന്നതിനിടെയായിരുന്നു ഇയാളുടെ ലഹരികച്ചവടം. ഡ്രൈവർ അർദിയയിൽ മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫർവാനിയ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ സബാഹ് അൽ നാസർ ഓഫീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തിൽ വാഹനമോടിക്കുന്നതിനിടയിൽ ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി കണ്ടെത്തി.
ഷാബു പാക്കറ്റുകൾ ഇയാളിൽ നിന്ന് പിടികൂടി. തുടർന്ന് തൊഴിലുടമയുടെ വീട്ടിലെ ഇയാളുടെ മുറിയിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മയക്കുമരുന്ന് കണ്ടെത്തി. വിവിധ വലുപ്പത്തിലുള്ള ബാഗുകളിലും റാപ്പുകളിലുമായി 469.1 ഗ്രാം ഷാബു, 0.7 ഗ്രാം മരിജുവാന, ഒരു സ്കെയിൽ, 285.950 ദീനാർ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശ്രീലങ്കയിലെ ആളുകൾക്ക് 6,573 ദീനാർ പണം കൈമാറിയതിന്റെ രേഖകളും കണ്ടെത്തി. കുവൈത്തിന് പുറത്തുള്ള ഒരാളുമായി കടത്തുന്നതിനും വിൽക്കുന്നതിനുമായി മയക്കുമരുന്ന് കൈവശം വച്ചതായി പ്രതി സമ്മതിച്ചു.
മറ്റൊരു സംഭവത്തിൽ യാത്രക്കാർക്ക് കറൻസി കൈമാറ്റം ചെയ്യുന്നതിനിടെ ഒരു ബംഗ്ലാദേശി ഇന്ധന പമ്പ് ജീവനക്കാരനെ അഹ്മദി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സബ്‌സിഡി ഭക്ഷണ സാധനങ്ങൾ കണ്ടെത്തി. ആവശ്യമായ ലൈസൻസുകൾ ഇല്ലാതെസിഗരറ്റുകൾ വിൽക്കുന്നതും പേപ്പറുകളും രേഖകളും അച്ചടിക്കുന്നതും കണ്ടെത്തി. 1,067 ദീനാർ, 5,021 സൗദി റിയാൽ, 10 ഖത്തർ റിയാൽ, എട്ടു ബഹ്‌റൈൻ ദീനാർ എന്നിവ പിടിച്ചെടുത്തു.
വീട്ടുജോലിക്കാരെ നിരീക്ഷിക്കാനും അവരുടെ ജോലിസ്ഥലങ്ങളോ, ജോലി ചെയ്യുന്ന വീടുകളോ നിരോധിതമോ ക്രിമിനൽ പ്രവർത്തനത്തിനോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ആഭ്യന്തര മന്ത്രാലയം കുടുംബങ്ങളോടും തൊഴിലുടമകളോടും അഭ്യർത്ഥിച്ചു. സംശയാസ്പദമായ എന്തെങ്കിലും പെരുമാറ്റം അധികാരികളെ അറിയിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

