മദ്യവിൽപനക്കാരെ പിടികൂടാൻ എത്തിയ എക്സൈസ് ഓഫിസറെ മർദിച്ച സംഭവം: അധ്യാപകരടക്കം അഞ്ചുപേർ അറസ്റ്റിൽ
text_fieldsഅനു, സിനോ മാത്യു, ജോമി, ജെറിൻ ജോർജ്, മനുമോഹൻ
മൂവാറ്റുപുഴ: അനധികൃത മദ്യവിൽപനക്കാരെ പിടികൂടാൻ എത്തിയ സിവിൽ എക്സൈസ് ഓഫിസറെ മർദിച്ച കേസിൽ മൂന്ന് അധ്യാപകരടക്കം അഞ്ചുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
കല്ലൂർക്കാട് വെള്ളാരംകല്ല് കല്ലിങ്കൽവീട്ടിൽ അനു (32), കൊയ്ത്താനത്ത് വീട്ടിൽ സിനോ മാത്യു (37), ഏനാനല്ലൂർ പേരാമംഗലം കടുവാക്കുഴിയിൽ വീട്ടിൽ ജോമി (36), വെട്ടിയാങ്കൽ വീട്ടിൽ ജെറിൻ ജോർജ് (32), കെമ്പാനക്കുടിയിൽ വീട്ടിൽ മനുമോഹൻ (31) എന്നിവരാണ് പിടിയിലായത്.
മൂവാറ്റുപുഴ എക്സൈസ് സിവിൽ ഓഫിസർ ജിഷ്ണു മനോജിനാണ് മർദനമേറ്റത്. മൂവാറ്റുപുഴ വെള്ളൂർകുന്നം ബിവറേജസിനു സമീപം അളവിൽ കൂടുതൽ മദ്യം വാങ്ങി വിൽപന നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പരിശോധനക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ.
സഞ്ചിയിൽ കൊണ്ടുപോവുകയായിരുന്ന മദ്യം എക്സൈസ് ഉദ്യോഗസ്ഥൻ പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി സംഘം മർദിച്ചത്. ഐ.പി.സി 332, 341, 323, 324, 294 (ബി), 506(1), 34 വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്.എച്ച്.ഒ സി.ജെ. മാർട്ടിൻ, എസ്.ഐ ബിജുമോൻ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.