എക്സൈസ് സിവിൽ ഓഫിസർക്ക് മർദനം: അഞ്ചുപേർ കസ്റ്റഡിയിൽ
text_fieldsമൂവാറ്റുപുഴ: അനധികൃത മദ്യവിൽപനക്കാരെ പിടികൂടാനായി എത്തിയ സിവിൽ എക്സൈസ് ഓഫിസറെ മർദിച്ചതായി പരാതി. മൂവാറ്റുപുഴ വെള്ളൂർക്കുന്നം ബിവറേജസ് ഔട്ട് ലെറ്റിനു സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. മൂവാറ്റുപുഴ എക്സൈസ് ഓഫിസിലെ സിവിൽ എക്സൈസ് ഓഫിസർ ജിഷ്ണു മനോജിനാണ് (28) മർദനമേറ്റത്. ജിഷ്ണു ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഔട്ട് ലെറ്റിൽനിന്നും അമിതമായി മദ്യം വാങ്ങി വിൽപന നടത്തുന്ന സംഘം സജീവമാണെന്ന പരാതിയെ തുടർന്ന് മഫ്തിയിൽ പരിശോധനക്കെത്തിയതായിരുന്നു ജിഷ്ണു. ഇതിനിടെ മദ്യ കുപ്പികളുമായി എത്തിയ സംഘത്തോട് വിവരം ചോദിക്കുന്നതിനിടെയാണ് അധ്യാപകൻ ഉൾപ്പെടെയുള്ള സംഘം മദ്യ ലഹരിയിൽ ഇദ്ദേഹത്തെ മർദിച്ചത്. ടൂറിസ്റ്റ് ബസിൽ വിവാഹച്ചടങ്ങ് കഴിഞ്ഞ് എത്തിയ കല്ലൂർക്കാട് പെരുമാംകണ്ടത്തുള്ളവരാണ് ആക്രമം നടത്തിയത്. ജിഷ്ണുവിനെ സംഘാംഗങ്ങൾ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു.
എക്സൈസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും മർദനം തുടർന്നു. ഇതിനിടയിൽ ഇവർ തിരിച്ചറിയൽ കാർഡും മൊബൈൽ ഫോണും തട്ടിയെടുത്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് ഫോണും തിരിച്ചറിയൽ കാർഡും തിരികെ നൽകിയത്. നാട്ടുകാരും സ്ഥലത്തെത്തിയ സഹപ്രവർത്തകരും ചേർന്നാണ് ജിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.കെ. അനിൽകുമാർ ജിഷ്ണുവിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. സംഭവത്തിൽ അധ്യാപകൻ ഉൾപ്പെടെ അഞ്ചുപേരെ മൂവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച പുലർച്ചയാണ് ഇവരെ പിടികൂടിയത്.