പുതുവത്സരത്തിൽ എക്സൈസിെൻറ കഞ്ചാവ് വേട്ട; 96 കിലോ പിടികൂടി, ഒരാൾ അറസ്റ്റിൽ
text_fieldsഎക്സൈസ് പിടികൂടിയ കഞ്ചാവും പ്രതിയും
പറവൂർ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിൽ ലഹരിവസ്തുക്കളുടെ കടത്ത് തടയാൻ എക്സൈസ് നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. പറവൂർ ചേന്ദമംഗലം കൂട്ടുകാട് കളത്തിൽ വീട്ടിൽ ലിബിൻ (30) രണ്ട് കിലോ കഞ്ചാവുമായി പിടിയിലായി. തുടർന്ന്, ലിബിന് കഞ്ചാവ് വിൽപനക്ക് കൊടുത്ത ചേരാനല്ലൂർ ഇടയക്കുന്നം പള്ളിപറമ്പിൽ വീട്ടിൽ ബേബി വാടകക്ക് താമസിക്കുന്ന ഇടപ്പള്ളിയിലെ വീട്ടിൽനിന്നും ഇയാളുടെ കാറിൽനിന്നുമായി 94 കിലോ കഞ്ചാവ് വേറെയും പിടിച്ചെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ജയിലിൽനിന്ന് ഈയിടെ ജാമ്യത്തിൽ ഇറങ്ങിയ ആളാണ് ലിബിൻ.
ലിബിൻ പിടിയിലായത് നേരത്തേ അറിഞ്ഞ ബേബി ഓടിമറഞ്ഞു. കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി അന്തർ സംസ്ഥാനങ്ങളിൽനിന്നാണ് വൻതോതിൽ കഞ്ചാവ് വരുത്തി സൂക്ഷിച്ചിരുന്നത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഇൻസ്പെക്ടർ ടി. അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പറവൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. നിജുമോനും ഉദ്യോഗസ്ഥരായ എം.എം. അരുൺകുമാർ, പി.എസ്. ബസന്ത് കുമാർ, ഉനൈസ്, വി.എസ്. ഹനീഷ്, എൻ.കെ. സാബു, ബിനു മാനുവൽ, സി.ജി. ഷാബു, രാജി ജോസ്, എം.എ. ധന്യ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.